ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര; ഇന്ത്യന്‍ ടീമിന്‍റെ പരിശീലികനായി ദ്രാവിഡ് ഉണ്ടാവില്ല!

ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍ പരിശീലിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2023ലെ ഏകദിന ലോകകപ്പിന് തൊട്ടുപിന്നാലെയാണ് പരമ്പര നടക്കുക. നവംബര്‍ 23ന് വിശാഖപട്ടണത്താണ് പരമ്പര ആരംഭിക്കുക.

ലോകകപ്പ് അവസാനിച്ചതിന് ശേഷം കരാര്‍ അവസാനിക്കുന്നതിനാല്‍ നിലവിലെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ ടീമില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിലാണ് ഇത്. എന്നിരുന്നാലും, ടൂര്‍ണമെന്റിലെ ടീം ഇന്ത്യയുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ ദ്രാവിഡിന് തന്റെ കാലാവധി നീട്ടാന്‍ ശ്രമിക്കാം. കാരണം ലോകകപ്പില്‍ ഇതുവരെ ഇന്ത്യയുടെ പ്രകടനം മികച്ചതാണ്.

‘രാഹുല്‍ ഇടവേള എടുക്കുമ്പോള്‍ വിവിഎസ് ലക്ഷ്മണ്‍ എപ്പോഴും ചുമതല വഹിച്ചിട്ടുണ്ട്. ലോകകപ്പിന് ശേഷം പരമ്പരയിലും ഇതേ കാര്യം തുടരാന്‍ സാധ്യതയുണ്ട്’ ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് സ്പോര്‍ട്സ്‌കീഡ റിപ്പോര്‍ട്ട് ചെയ്തു.

സമയം പുരോഗമിക്കുമ്പോള്‍, ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാഹചര്യം എങ്ങനെ മാറുമെന്നും ഓസ്ട്രേലിയയ്ക്കെതിരായ അവരുടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്ക് ലക്ഷ്മണ്‍ നിയന്ത്രണം ഏറ്റെക്കുമോ എന്നോ കണ്ടറിയാം.

ടൂര്‍ണമെന്റില്‍ ഇതുവരെ അഞ്ച് മത്സരങ്ങള്‍ കളിച്ച ഇന്ത്യ തോല്‍വിയറിയാതെ മുന്നേറുകയാണ്. ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് തുടങ്ങിയ ടീമുകളെ ഇന്ത്യന്‍ ടീം ഇതിനോടകം പരാജയപ്പെടുത്തി. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.