സൂപ്പര്‍ താരത്തിന് ഡെങ്കു പനി; പാക് ടീം അങ്കലാപ്പില്‍

ട്വന്റി 20 ലോക കപ്പിനുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ആശങ്കയിലാഴ്ത്തി സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസിന്റെ ആരോഗ്യസ്ഥിതി. ഡെങ്കു പനി ബാധിച്ച ഹഫീസ് നാഷണല്‍ ട്വന്റി20 ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി. ഹഫീസ് ലോക കപ്പിനുണ്ടാകുമോയെന്ന കാര്യം സംശയത്തിലാണ്.

ദേശീയ ട്വന്റി20 ചാമ്പ്യന്‍ഷിപ്പിനായി റാവല്‍പിണ്ടിയിലുള്ള ഹഫീസിന് ഭക്ഷ്യവിഷബാധയേറ്റതായാണ് ആദ്യം കരുതിയത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കു സ്ഥിരീകരിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹഫീസിന് ലോക കപ്പ് കളിക്കാനാവുമോയെന്നത് ഉറപ്പില്ല.

വൈറസിന്റെ ഇന്‍ഫെക്ഷന്റെ തോത് അനുസരിച്ചിരിക്കും ഹഫീസിന്റെ രോഗമുക്തി. ഡെങ്കു മാറിയാലും താരത്തിന് ശാരീരികമായ അസ്വസ്ഥതകള്‍ തുടര്‍ന്നാല്‍ ലോക കപ്പില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. ഷൊയ്ബ് മാലിക്ക് കഴിഞ്ഞാല്‍ ടീമിലെ ഏറ്റവും സീനിയര്‍ താരമായ ഹഫീസിന്റെ അഭാവം പാക്കിസ്ഥാന് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.