സൂപ്പര്‍ ബാറ്റര്‍ കളിക്കില്ല; ചരിത്ര ടെസ്റ്റില്‍ ഇന്ത്യക്ക് തിരിച്ചടി

ചരിത്രത്തിലാദ്യമായി പകല്‍ രാത്രി ടെസ്റ്റ് കളിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ദുര്‍ബലമാക്കി സൂപ്പര്‍ ബാറ്റര്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പരിക്ക്. ഹര്‍മന്‍പ്രീത് ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിനുണ്ടാവില്ലെന്ന് ക്യാപ്റ്റന്‍ മിതാലി രാജ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ഇന്ത്യ-ഓസീസ് ഡേ-നൈറ്റ് തുടങ്ങുന്നത്.

വിരലിനേറ്റ പരിക്ക് ഭേദമാകത്തതാണ് ഹര്‍മന്‍പ്രീതിന് വിനയായത്. ഓസ്‌ട്രേലിയുമായുള്ള ഏകദിന പരമ്പരയില്‍ നിന്നും ഹര്‍മന്‍പ്രീത് വിട്ടുനിന്നിരുന്നു. ഹര്‍മന്‍പ്രീതിന് പകരം പൂനം റൗത്തോ യാസ്തിക ഭാട്ടിയയോ ടീമിലെത്തുമെന്നാണ് അറിയുന്നത്.

ട്വന്റി20 ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ഹര്‍മന്‍പ്രീതിന്റെ വിരലിന് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഹര്‍മന്‍പ്രീതിന്റെ പരിക്ക് ഭേദമാകാന്‍ ഏതാനും ദിവസങ്ങള്‍കൂടി വേണ്ടിവരുമെന്നാണ് സൂചന.