ടെസ്റ്റില്‍ തകര്‍പ്പന്‍ നേട്ടവുമായി സ്റ്റീവന്‍ സ്മിത്ത് ; ഓസ്‌ട്രേലിയന്‍ താരത്തിന്റെ കരിയറില്‍ മറ്റൊരു നാഴികക്കല്ല് കൂടി

ടെസ്റ്റ് ഇതിഹാസമെന്ന നിലയിലുള്ള മുന്നേറ്റം തുടരുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. കാല്‍ നൂറ്റാണ്ടിന് ശേഷം ഓസ്‌ട്രേലിയ പാകിസ്താനില്‍ നടത്തുന്ന പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ താരം വേഗത്തില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യതാരമായി മാറി. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴു റണ്‍സേ താരത്തിന് ഈ നേട്ടത്തില എത്താന്‍ വേണ്ടി വന്നുള്ളൂ. 151 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നു സ്റ്റീവന്‍ സ്മിത്ത്് ഈ നേട്ടം കൈവരിച്ചത്.

ഹസന്‍ അലിയെ ബൗണ്ടറിയ്ക്ക് പറത്തിയായിരുന്നു സ്മിത്ത് ഈ നേട്ടം കണ്ടെത്തിയത്. 8000 ടെസ്റ്റ് റണ്‍സ് നേടിയവരുടെ പട്ടികയില്‍ കുമാര സംഗക്കാരയെയാണ് സ്്മിത്ത് പിന്നിലാക്കിയത്. 152 ഇന്നിംഗ്‌സുകളില്‍ നിന്നുമാണ് സംഗക്കാര ഈ ക്ലബ്ബില്‍ എത്തിയത്. സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ഈ പട്ടികയില്‍ മൂന്നാമന്‍. 154 ഇന്നിംഗ്‌സുകള്‍ വേണ്ടി വന്നു സച്ചിന് 8000 റണ്‍സ് തികയ്ക്കാന്‍. 2002 ലായിരുന്നു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 8000 റണ്‍സ് തികയ്ക്കുന്നത്. വെസ്റ്റിന്‍ഡീസ് താരം ഗാരി സോബേഴ്‌സാണ് നാലാം സ്ഥാനത്ത്്. 157 ഇന്നിംഗ്‌സില്‍ നിന്നുമാണ് നേട്ടം ഉണ്ടാക്കിയത്. രാഹുല്‍ ദ്രാവിഡിന് ഈ നേട്ടത്തില്‍ എത്താന്‍ 158 ഇന്നിംഗ്‌സുകള്‍ വേണ്ടി വന്നു.

85 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച 2010 ല്‍ പാകിസ്താന് എതിരേയായിരുന്നു സ്മിത്തിന്റെ അരങ്ങേറ്റം. 60 ന് അടുത്ത ശരാശരിയുള്ള താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 239 റണ്‍സാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 27 സെഞ്ച്വറികളും 36 അര്‍ദ്ധ സെഞ്ച്വറികളും സ്മിത്തിന്റെ പേരിലുണ്ട്. 2019 ആഷസ് പരമ്പരയ്ക്ക് ശേഷം 29 ഇന്നിംഗ്‌സുകള്‍ കളിച്ച സ്മിത്തിന് നേടാനായത് ഒരു സെഞ്ച്വറി മാത്രമായിരുന്നു. 2019 ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പരയിലായിരുന്നു സ്മിത്ത് 7000 റണ്‍സ് തികച്ചത്. വേഗത്തില്‍ ഈ നേട്ടത്തില്‍ എത്തുന്നയാളും സ്മിത്തായിരുന്നു.

ഓസ്‌ട്രേലിയയില്‍ നിന്നും മാത്യൂഹെയ്ഡന്‍, റിക്കി പോണ്ടിംഗ്്, മൈക്കല്‍ ക്ലാര്‍ക്ക്, അലന്‍ ബോര്‍ഡ്ര്‍, സ്റ്റീവ് വോ എന്നിവരും 8000 റണ്‍സ് തികച്ച കളിക്കാരുടെ പട്ടികയിലുണ്ട്.