2026 ലെ ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശ്രീലങ്കൻ ക്രിക്കറ്റ് ഒരു പ്രധാന ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. ഇന്ത്യൻ മുൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോറിനെ തങ്ങളുടെ ടീമിന്റെ പുതിയ ബാറ്റിംഗ് പരിശീലകനായി അവർ നിയമിച്ചു. മാർക്വീ ടൂർണമെന്റിന് സഹ ആതിഥേയത്വം വഹിക്കുന്ന ശ്രീലങ്ക, രണ്ടാം തവണയും ടി20 ലോകകപ്പ് ട്രോഫി ഉയർത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. 2014 ൽ ആണ് അവർ ആദ്യമായും അവസാനമായും ടി20 കിരീടത്തിൽ മുത്തമിട്ടത്.
രാഹുൽ ദ്രാവിഡിന്റെ കീഴിൽ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായി സേവനമനുഷ്ഠിച്ച റാത്തോറിന് വിപുലമായ അന്താരാഷ്ട്ര പരിചയമുണ്ട്. 2024 ൽ ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച സപ്പോർട്ട് സ്റ്റാഫിന്റെ ഭാഗമായിരുന്നു അദ്ദേഹം.

2019 ലാണ് ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായി റാത്തോർ വരുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ കരാർ 2024 വരെ നീട്ടി. അദ്ദേഹത്തിന്റെ കാലയളവിൽ, ഇന്ത്യ 2023 ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്തി. 2024 ൽ ദേശീയ ടീം വിട്ടതിനുശേഷം, ഐപിഎൽ 2025 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിംഗ് പരിശീലകനായും അസിസ്റ്റന്റ് പരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ജനുവരി 15 ന് റാത്തോർ ശ്രീലങ്കൻ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകൾ ടീം ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
പാകിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്ക് ശ്രീലങ്ക ഇന്നിറങ്ങും. ചരിത അസലങ്ക ടി20 ടീമിലേക്ക് തിരിച്ചെത്തി, ദസുൻ ഷനക നായകസ്ഥാനം ഏറ്റെടുക്കും. പാകിസ്ഥാനെതിരായ പരമ്പര മുതൽ ഷനക ടീമിനെ നയിക്കും. സമ്മർദ്ദം ലഘൂകരിക്കുന്നതിനും ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അസലങ്കയെ നേതൃത്വ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശ്രീലങ്കയുടെ തയ്യാറെടുപ്പുകളിൽ പാകിസ്ഥാൻ പരമ്പര ഒരു പ്രധാന പങ്കു വഹിക്കുന്നു. സഹ-ആതിഥേയരായ ശ്രീലങ്ക ഫെബ്രുവരി 8 ന് അയർലൻഡിനെതിരെ തങ്ങളുടെ പോരാട്ടം ആരംഭിക്കും. തുടർന്ന് ഒമാൻ, ഓസ്‌ട്രേലിയ, സിംബാബ്‌വെ എന്നിവയ്‌ക്കെതിരായ മത്സരങ്ങൾ നടക്കും.
Read more
റാത്തോറിന്റെ നിയമനത്തിന് പുറമേ, ഇതിഹാസ ഫാസ്റ്റ് ബൗളർ ലസിത് മലിംഗയെ ശ്രീലങ്ക ക്രിക്കറ്റ് വീണ്ടും സപ്പോർട്ട് സ്റ്റാഫിലേക്ക് സ്വാഗതം ചെയ്തു. മലിംഗയെ ഹ്രസ്വകാല അടിസ്ഥാനത്തിൽ ഫാസ്റ്റ് ബൗളിംഗ് കൺസൾട്ടന്റായി നിയമിച്ചു. ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന 40 ദിവസത്തേക്ക് അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിക്കും.







