സ്‌പോര്‍ട്‌സ് സ്‌പോര്‍ട്‌സാണ്, മതങ്ങള്‍ തമ്മിലെ യുദ്ധമല്ല; വഖാറിനെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ

ട്വന്റി20 ലോക കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരശേഷം വിവാദപരമായ ട്വീറ്റ് ചെയ്ത പാക് പേസ് ഇതിഹാസം വഖാര്‍ യൂനിസിനെ തിരുത്തി സോഷ്യല്‍ മീഡിയ. മതവിദ്വേഷം പരത്തുന്ന തരത്തിലെ വഖാറിന്റെ ട്വീറ്റാണ് ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചത്.

ബാബറും റിസ്വാനും ബാറ്റ് ചെയ്ത രീതിയും സ്‌ട്രൈക്ക് കൈമാറലും മുഖഭാവങ്ങളും അത്ഭുതകരം. റിസ്വാന്‍ ചെയ്ത ഏറ്റവും നല്ല കാര്യം, മാഷള്ള.. ഹിന്ദുക്കള്‍ ചുറ്റും നില്‍ക്കെ നിസ്‌കരിച്ചുവെന്നതാണ്. എന്നെ സംബന്ധിച്ച് വളരെ സവിശേഷമായ കാര്യമാണത്- എന്നായിരുന്നു വഖാറിന്റെ ട്വീറ്റ്.

Read more

അപമാനകരമായ വാക്കുകളെന്നാണ് വഖാറിന്റെ ട്വീറ്റിനെ ക്രിക്കറ്റ് ആരാധകര്‍ വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ വലിയൊരു മുസ്ലിം സമൂഹമുണ്ടെന്നും പാകിസ്ഥാനില്‍ ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ജീവിക്കുന്നതായും സമൂഹ മാധ്യമങ്ങള്‍ വഖാറിനെ ഓര്‍മ്മിപ്പിച്ചു. നിരാശപ്പെടുത്തുന്ന അഭിപ്രായ പ്രകടനമെന്ന് പറഞ്ഞവരും ചില്ലയറല്ല. വഖാറിന്റെ മാനസിക പ്രശ്‌നങ്ങളാണ് ഈ വാക്കുകള്‍ തെളിയിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഒരു കാലത്ത് ഏറെ ഇഷ്ടപ്പെട്ട പേസ് ബോളര്‍മാരുടെ കൂട്ടത്തിലുണ്ടായിരുന്ന വഖാറിനോടുള്ള ബഹുമാനം നഷ്ടമായെന്ന് പറഞ്ഞ ട്വിറ്റര്‍ വാസികളുമുണ്ട്.