'ആരെങ്കിലും എന്റെ കളിക്കാരെ..'; വിരാട് കോഹ്‌ലി -നവീന്‍ ഉള്‍ ഹഖ് വിവാദത്തില്‍ പരസ്യ പ്രതികരണം നടത്തി ഗംഭീര്‍


2023 ഐപിഎല്ലില്‍ വിരാട് കോഹ്‌ലിയും അഫ്ഗാനിസ്ഥാന്‍ ബോളര്‍ നവീന്‍ ഉള്‍ ഹഖും തമ്മില്‍ ഫീല്‍ഡ് പോരാട്ടം നടന്നിരുന്നു. മത്സരത്തിന് ശേഷം ഗൗതം ഗംഭീറും വിരാട് കോഹ്ലിയും പരസ്പരം കണ്ടപ്പോഴും ഇത് സംബന്ധിച്ച് അവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് ഏകദിന ലോകകപ്പില്‍ വിരോധം മറന്ന് നവീനും കോഹ്‌ലിയും കൈകൊടുത്തു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ ഗൗതം ഗംഭീര്‍ ആദ്യമായി പരസ്യമായി പ്രതികരിച്ചിരിക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗതം ഗംഭീര്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. തന്റെ കളിക്കാരെ സംരക്ഷിക്കുക എന്നതാണ് തന്റെ ജോലിയെന്ന് ഗംഭീര്‍ പറഞ്ഞു.

മത്സരത്തിനിടെ മൈതാനത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ എനിക്ക് അവകാശമില്ല. എന്നാല്‍ മത്സരത്തിന് ശേഷവും ആരെങ്കിലും എന്റെ കളിക്കാരെ കുറിച്ച് സംസാരിക്കുകയും അവരോട് തര്‍ക്കിക്കുകയും ചെയ്താല്‍, ആ തര്‍ക്കത്തില്‍ ഏര്‍പ്പെടാനും എന്റെ കളിക്കാരെ സംരക്ഷിക്കാനും എനിക്ക് എല്ലാ അവകാശവുമുണ്ട്- ഗംഭീര്‍ പറഞ്ഞു.

കഴിഞ്ഞ ഐപിഎല്‍ സീസണിലാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിന് ശേഷം അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ബാംഗ്ലൂര്‍ താരം വിരാട് കോഹ്ലി ലഖ്‌നൗ മെന്റര്‍ ഗൗതം ഗംഭീറുമായും ലഖ്നൗ താരം നവീനുല്‍ ഹഖുമായും നടത്തിയ വാക്കേറ്റം മൈതാനത്തെ ചൂടുപിടിപ്പിച്ചു. ഏറെ പണിപ്പെട്ടാണ് ടീമംഗങ്ങള്‍ ഇവരെ തണുപ്പിച്ചത്. മത്സരശേഷം ബിസിസിഐ കോഹ്ലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനം പിഴയേര്‍പ്പെടുത്തുകയും ചെയ്തു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് മാച്ച് ഫീയുടെ 50 ശതമാനം നവീനും പിഴ ലഭിച്ചു.