ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ഐസിസി ടി20 ലോകകപ്പ് 2024 ജൂണ്‍ 2 മുതല്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസിലും ആരംഭിക്കാനിരിക്കെ വിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി. റിപ്പോര്‍ട്ടുകള്‍ പ്രകാരം വടക്കന്‍ പാക്കിസ്ഥാനിലെ ഒരു സംഘടനയില്‍നിന്നാണ് ഭീകരാക്രമണ ഭീഷണി ഉയര്‍ന്നുവന്നിട്ടുള്ളത്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ പ്രധാനമന്ത്രി കീത്ത് റൗലി ഭീഷണികളെക്കുറിച്ച് തുറന്നുപറയുകയും കര്‍ശനമായ സുരക്ഷാ നടപടികളും കളിക്കാരുടെയും കാണികളുടെയും സുരക്ഷ ഒരുപോലെ ഉറപ്പാക്കാനുള്ള ശ്രമവും നടത്തുമെന്ന് അറിയിക്കുകയും ചെയ്തു.

‘അനുയോജ്യമായ പദ്ധതികള്‍ നിലവിലുണ്ടെന്ന് ഉറപ്പാക്കാന്‍ ഐസിസി ആതിഥേയ രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നയുടനെ ഞങ്ങള്‍ അധികാരികളുമായി സംസാരിച്ചു, ഏത് അപകടസാധ്യതയും നേരിടാന്‍ സമഗ്രമായ സുരക്ഷാ പദ്ധതി നിലവിലുണ്ടെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് എല്ലാവര്‍ക്കും ഉറപ്പ് നല്‍കി’ ഒരു ഐസിസി ഉദ്യോഗസ്ഥന്‍ എന്‍ഡിടിവി സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിലെ ആന്റിഗ്വ, ബര്‍ബുഡ, ഗയാന, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫ്ലോറിഡ, ന്യൂയോര്‍ക്ക്, ടെക്സസ് എന്നിവിടങ്ങളിലും മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

ഫൈനല്‍ ബാര്‍ബഡോസിലും സെമി ഫൈനല്‍ ട്രിനിഡാഡിലും ഗയാനയിലും നടക്കും. നിലവില്‍, യുഎസ് വേദികള്‍ക്ക് ഭീഷണികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.