ക്രിക്കറ്റില്‍ പതിനാറുകാരിയുടെ മിന്നല്‍ പ്രകടനം; തകര്‍ന്നത് ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ റെക്കോഡ്

ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോഡ് സ്വന്തമാക്കി അയര്‍ലന്‍ഡിന്റെ ആമി ഹണ്ടര്‍. സിംബാബ്‌വെ വനിതാ ടീമിനെതിരായ ഏകദിന മത്സരത്തില്‍ ഐറിഷ് പെണ്‍പടയ്ക്കുവേണ്ടി ഹണ്ടര്‍ അടിച്ചെടുത്തത് പുറത്താകാതെ 121 റണ്‍സ്. ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ താരം മിതാലി രാജിന്റെ റെക്കോഡ് പഴങ്കഥയായി.

സിംബാബ്‌വെ ബോളിംഗിനെ സങ്കോചമില്ലാതെ നേരിട്ട ഹണ്ടര്‍ എട്ടു ഫോറുകളുടെ അകമ്പടിയോടെയാണ് ശതകം പൂര്‍ത്തിയാക്കിയത്. 1999 അയര്‍ലന്‍ഡിനെതിരെ ഏകദിന സെഞ്ച്വറി നേടുമ്പോള്‍ മിതാലിയുടെ വയസ് പതിനാറ് വര്‍ഷവും 205 ദിവസവുമായിരുന്നു.

പുരുഷ ബാറ്റര്‍മാരില്‍ പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിയുടെ പേരിലാണ് പ്രായം കുറഞ്ഞ സെഞ്ചൂറിയന്റെ റെക്കോഡ്. 1996ല്‍ ശ്രീലങ്കയ്‌ക്കെതിരെ സെഞ്ച്വറി തികയ്ക്കുമ്പോള്‍ പതിനാറ് വര്‍ഷവും 217 ദിവസവുമായിരുന്ന അഫ്രീദിയുടെ പ്രായം.