ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ ഓസീസ് ടീമിൽ മാറ്റങ്ങൾക്ക് ഒരുങ്ങി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. പ്രോട്ടീസിനോട് അഞ്ച് വിക്കറ്റിനാണ് ഓസ്ട്രേലിയ ഫൈനലിൽ തോൽവി വഴങ്ങിയത്. മത്സരത്തിൽ ഓസ്ട്രേലിയയുടെ ടോപ് ഓർഡർ ബാറ്റർമാർ പൂർണപരാജയമായിരുന്നു. മാർനസ് ലാബുഷെയ്നും ഉസ്മാൻ ഖവാജയുമായിരുന്നു ഓസീസിനായി ഓപ്പൺ ചെയ്തത്. എന്നാൽ രണ്ടിന്നിങ്സിലും ഖവാജ തുടക്കത്തിലേ പുറത്തായി. ലാബുഷെയ്നാവട്ടെ കൂടുതൽ പന്തുകൾ കളിച്ചെങ്കിലും ഇംപാക്ടുളള ഒരു ബാറ്റിങ് പ്രകടനം പോലും നടത്തിയില്ല.
ഫൈനലിൽ ഓസീസിനായി മൂന്നാമനായി ഇറങ്ങിയത് കാമറൂൺ ഗ്രീനായിരുന്നു. എന്നാൽ താരം കുറഞ്ഞ സ്കോറുകളിൽ പുറത്താവുകയായിരുന്നു. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കഴിഞ്ഞതോടെ ഇനി വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഓസ്ട്രേലിയയ്ക്ക് കളിക്കാനുളളത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2025-2027 സൈക്കിളിന്റെ ഭാഗമാണ് ഈ പരമ്പര. ഫൈനലിന് ശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു ഓസീസ് ടോപ് ഓർഡർ ബാറ്റർമാരെ കുറിച്ച് നായകൻ കമ്മിൻസ് മനസുതുറന്നത്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോപ് ഓർഡർ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് കമ്മിൻസ് പറയുന്നു. ടീം മാനേജ്മെന്റ് അവരുടെ ഭാവിയെ കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും കമ്മിൻസ് മുന്നറിയിപ്പ് നൽകി. “ആദ്യ ദിവസം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ഓസീസ് ടോപ് ഓർഡർ ബാറ്റർമാർക്ക് അതത്ര എളുപ്പമായിരുന്നില്ല. പക്ഷേ ഫൈനലിൽ അവർക്ക് കുറച്ചുകൂടി ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാമായിരുന്നുവെന്ന് ആഗ്രഹിക്കുന്ന നിരവധി പേർ ടീമിലുണ്ടാകുമെന്ന് ഞാൻ കരുതുന്നു”.
Read more
“ടോപ് 3 ബാറ്റർമാരുടെ പ്രകടനം ഈ മത്സരത്തിൽ വളരെ നിർണായകമായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇനി രണ്ടാഴ്ച കൂടി സമയമുണ്ട്. അതിനാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വിശകലനം ചെയ്ത ശേഷം ടീമിൽ മാറ്റങ്ങൾ വരുത്തണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും”, പാറ്റ് കമ്മിൻസ് വ്യക്തമാക്കി.