ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കഴിഞ്ഞ കുറച്ചുവർഷമായി കളിക്കുന്ന താരമാണ് രചിൻ രവീന്ദ്ര. ഓപ്പണിങ് ബാറ്ററായി സിഎസ്കെയ്ക്കായി കളിച്ച താരം ഈ വർഷം അത്ര മികച്ച ഇന്നിങ്സുകൾ കാഴ്ചവച്ചിരുന്നില്ല. എട്ട് മത്സരങ്ങൾ കളിച്ച താരം 191 റൺസ് മാത്രമാണ് ടീമിനായി നേടിയത്. 128.1 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. ഐപിഎലിൽ ഈ സീസണിൽ എറ്റവും അവസാന സ്ഥാനക്കാരായാണ് സിഎസ്കെ ഫിനിഷ് ചെയ്തത്. ഐപിഎലിന് ശേഷം അമേരിക്കയിൽ നടക്കുന്ന മേജർ ക്രിക്കറ്റ് ലീഗിലാണ് രചിൻ കളിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന കളിയിൽ തന്റെ ടീമായ വാഷിങ്ടൺ ഫ്രീഡത്തിന് വേണ്ടി രചിൻ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തിരുന്നു. 18 ബോളിൽ 44 റൺസാണ് രചിൻ രവീന്ദ്ര ടീമിനായി നേടിയത്. രചിന്റെ ബാറ്റിങ് മികവിൽ അഞ്ച് വിക്കറ്റ് വിജയമാണ് വാഷിങ്ടൺ ഫ്രീഡം നേടിയത്. 146 റൺസ് വിജയലക്ഷ്യത്തിന് മറുപടി ബാറ്റേന്തിയ ടീമിനായി നാല് സിക്സ് ഉൾപ്പെടെ 244.44 സ്ട്രൈക്ക് റേറ്റിലായിരുന്നു ന്യൂസിലൻഡ് താരത്തിന്റെ ബാറ്റിങ്.
Read more
അമേരിക്കൻ ലീഗിലെ രചിന്റെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ താരത്തെ ട്രോളി ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ‘സിഎസ്കെയ്ക്ക് കളിക്കുന്ന സമയത്ത് ഈ ബാറ്റിങ് ഒകെ എവിടെയായിരുന്നു’ എന്നാണ് ഒരാൾ ട്രോളിയത്. ‘രചിൻ സഹോദരാ, സിഎസ്കെയ്ക്ക് വേണ്ടിയും ഇങ്ങനെയൊരു കളി പുറത്തെടുക്കാമായിരുന്നു’ എന്ന് മറ്റൊരു ആരാധകൻ കമന്റിട്ടു. ‘സിഎസ്കെ ഒഴികെ മറ്റൊല്ലാവർക്കും വേണ്ടി രചിൻ നന്നായി കളിക്കുന്നു’, എന്നാണ് ഒരാളുടെ ട്രോൾ.