ശ്രേയസ് ഫിറ്റ്, നിര്‍ണായക തീരുമാനം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു

ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ രഞ്ജി ട്രോഫിയില്‍ കളിക്കും. തമിഴ്നാടിനെതിരായ രഞ്ജി ട്രോഫി സെമി ഫൈനല്‍ ഏറ്റുമുട്ടലിനുള്ള ടീമില്‍ താരം ചേരും. ആവര്‍ത്തിച്ചുള്ള നടുവേദനയെത്തുടര്‍ന്ന് അയ്യര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. താന്‍ ഇപ്പോള്‍ ഫിറ്റാണെന്നും മുംബൈയുടെ രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരത്തിന് ലഭ്യമാണെന്നും അയ്യര്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു.

നടുവേദനയെ തുടര്‍ന്ന് അയ്യര്‍ വിശ്രമത്തിലായിരുന്നു. അതിനുമുമ്പ് ഹൈദരാബാദിലും വിശാഖപട്ടണത്തും നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ താരം കളിച്ചിരുന്നു. എന്നാല്‍ അത്ര മികച്ച പ്രകടനമല്ല താരത്തിന് കാഴ്ചവെക്കാനായത്. 35, 13, 27, 29 എന്നീ സ്‌കോറുകളാണ് താരത്തിന് നേടാനായത്.

ഫെബ്രുവരി 27 ചൊവ്വാഴ്ച ബറോഡയ്ക്കെതിരെ സമനില പിടിച്ചാണ് മുംബൈ സെമി ഫൈനലിലേക്ക് മുന്നേറിയത്. അജിങ്ക്യ രഹാനെ നയിക്കുന്ന ടീം മാര്‍ച്ച് 2 ന് ആരംഭിക്കുന്ന സെമി ഫൈനലില്‍ തമിഴ്നാടിനെ നേരിടും.

മുംബൈക്കെതിരായ രഞ്ജി സെമി ഫൈനല്‍ പോരാട്ടത്തിനായി ഇന്ത്യയുടെ ഓഫ് സ്പിന്നിംഗ് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറും സായ് സുദര്‍ശനും തമിഴ്‌നാട് ടീമില്‍ തിരിച്ചെത്തി.