വിരാട് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായിരുന്ന സമയത്ത് തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവച്ച് മുന്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. 2016ല്‍ ന്യൂസിലന്‍ഡിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ കൈ ഒടിഞ്ഞ് ബാറ്റ് ചെയ്തിട്ടും പിന്നീട് ടീമില്‍ നിന്ന് താന്‍ പുറത്തായ അനുഭവമാണ് ധവാന്‍ വെളിപ്പെടുത്തിയത്. 2024 ഓഗസ്റ്റിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ശിഖര്‍ ധവാന്‍ വിരമിച്ചത്. 288 ഇന്നിങ്‌സുകളില്‍ നിന്നായി 10,687 റണ്‍സ് ധവാന്‍ തന്റെ കരിയറില്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നായി നേടിയിട്ടുണ്ട്. 2013ല്‍ ഇന്ത്യ ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടിയതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചിരുന്നത്.
അതേസമയം തന്റെ കരിയറിലെ എറ്റവും ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ചായിരുന്നു ധവാന്‍ ഒരു പോഡ്കാസ്റ്റില്‍ മനസുതുറന്നത്. 2016ല്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട സമയമാണ് കരിയറില്‍ വലിയ വെല്ലുവിളി നേരിട്ട സമയമെന്ന് ധവാന്‍ പറയുന്നു. “അന്ന് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കൈക്ക് പരിക്കേറ്റിട്ടും ബാറ്റിങ് തുടരാന്‍ താന്‍ തീരുമാനിച്ചു. എന്റെ കരിയറിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടം, ഞാന്‍ ശരിക്കും നിരാശനായിരുന്ന ഒരു സമയമായിരുന്നു അത്. റണ്‍സ് നേടിയില്ലെങ്കില്‍ ഞാന്‍ ടീമിന് പുറത്താകുമെന്ന് എനിക്കറിയാമായിരുന്നു”.
“കൊല്‍ക്കത്തയില്‍ ന്യൂസിലന്‍ഡിനെതിരെ ഞങ്ങള്‍ക്ക് ഒരു ടെസ്റ്റ് മത്സരം ഉണ്ടായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഞാന്‍ പുറത്തായി, രണ്ടാം ഇന്നിംഗ്‌സില്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്ത് തട്ടി എന്റെ കൈ ഒടിഞ്ഞു. ആ ഇന്നിംഗ്‌സില്‍ നിന്ന് പുറത്തിരിക്കാന്‍ തീരുമാനിച്ചാല്‍ ഞാന്‍ ആ ടീമിന് പുറത്തായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ വേണ്ട എന്ന് തീരുമാനിച്ചു, ഞാന്‍ കളിക്കാന്‍ പോകുന്നു, എന്തായാലും പകുതി മരിച്ചു, അതിനാല്‍ പിച്ചില്‍ പൂര്‍ണ്ണമായും മരിച്ച് പുറത്തുപോകുന്നതാണ് നല്ലത് എന്നെനിക്ക് തോന്നി”.
Read more
“ഒടിഞ്ഞ കൈയുമായാണ് ഞാന്‍ കളിച്ചത്, 15-20 റണ്‍സിന് പുറത്തായി, അതിനുശേഷം ഞാന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായി. ആത്മപരിശോധന നടത്തിയപ്പോള്‍, ആ സ്ഥാനത്തിനായി ഞാന്‍ വളരെയധികം ആഗ്രഹിച്ചിരുന്നുവെന്ന് എനിക്ക് മനസ്സിലായി. അത് വളരെ വിലപ്പെട്ട ഒരു സ്ഥലമാണ്, ആളുകള്‍ അവിടെ രാജാക്കന്മാരെപ്പോലെയാണ് ജീവിക്കുന്നത്. ഞാന്‍ കുറച്ച് കഷ്ടപ്പെടുകയായിരുന്നു. ഞാന്‍ ഒരുപാട് ജോലി ചെയ്തു, പക്ഷേ ഞാന്‍ തീക്ഷ്ണമായ ഊര്‍ജ്ജത്തോടെയാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടാണ് എനിക്ക് ഫലം ലഭിക്കാത്തത്. അപ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു, ജീവിതത്തില്‍ എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്താണ്? സന്തോഷമാണ് ഏറ്റവും പ്രധാനം, ഞാന്‍ സന്തോഷവാനായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം”, ധവാന്‍ പറഞ്ഞു.









