പാകിസ്ഥാന്‍ ഇന്ത്യയെ ഇരുകൈയും നീട്ടി സ്വീകരിക്കും, അങ്ങോട്ട് ചെന്ന് കളിക്കാനും തയ്യാര്‍, കളികാണാന്‍ ഞാനും പോകും; ഏഷ്യാ കപ്പ് പ്രശ്‌നത്തില്‍ അഫ്രീദി

2023 ലെ ഏഷ്യാ കപ്പിനായി പാകിസ്ഥാനില്‍ പര്യടനം നടത്താന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ ടീമിന് പാകിസ്ഥാനില്‍ ഉജ്ജ്വല സ്വീകരണം ലഭിക്കുമെന്ന് അവകാശപ്പെട്ട അഫ്രീദി വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ കളിക്കാന്‍ ഇന്ത്യയെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചു.

ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യ തയ്യാറല്ല. എന്നാല്‍ അവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു തവണ അയച്ചാല്‍ മതി, അവര്‍ക്ക് ഏറ്റവും മികച്ച അനുഭവം ഞങ്ങള്‍ സമ്മാനിക്കും. അവര്‍ വരില്ലെന്ന് പണ്ടും പല ചര്‍ച്ചകള്‍ നടന്നതാണ്. പക്ഷേ, എന്നിട്ടും എല്ലാം മാറ്റിവെച്ച് ഇന്ത്യ പാകിസ്ഥാനിലേക്ക് വന്ന ചരിത്രമുണ്ട്.

ബിസിസിഐ ശക്തമായ ക്രിക്കറ്റ് ബോര്‍ഡാണെന്നുള്ളതില്‍ തര്‍ക്കമില്ല. അതുകൊണ്ട് അവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളുമുണ്ട്. കൂടുതല്‍ സുഹൃത് ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം. ശത്രുക്കളെ ഉണ്ടാക്കരുത്. കൂടുതല്‍ സൗഹൃദമുണ്ടാവുമ്പോള്‍ കൂടുതല്‍ ശക്തരാവും. ഇന്ത്യ, പാക്കിസ്താനില്‍ വന്നാല്‍ നന്നായിരിക്കും. ബന്ധങ്ങള്‍ മെച്ചപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വഴക്കുകളില്‍ താല്‍പര്യമുള്ള തലമുറയല്ല ഇപ്പോഴത്തേത്.

ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യ ചുവടായി ഇതിനെ കാണണം. നിലവില്‍ പാക്കിസ്താന്‍ സുരക്ഷിതമാണ്. നിരവധി രാജ്യങ്ങള്‍ അടുത്തിടെ പാക്കിസ്താനില്‍ പര്യടനത്തിനായെത്തി. ഇന്ത്യയില്‍ നിന്ന് ഞങ്ങള്‍ക്കും സുരക്ഷാഭീഷണിയുണ്ടെന്ന് ഓര്‍ക്കണം.

ഇത്തരം ഭീഷണികള്‍ കാരണം ഞങ്ങളുടെ ബന്ധം നശിപ്പിക്കരുത്. ഏഷ്യാ കപ്പ് ഇന്ത്യയില്‍ നടന്നാല്‍ ഞങ്ങള്‍ തീര്‍ച്ചയായും വരും. ഞാന്‍ കളിക്കുന്നില്ലെങ്കിലും മത്സരങ്ങള്‍ കാണാന്‍ ഇന്ത്യയിലേക്ക് വരും- അഫ്രീദി പറഞ്ഞു.

ഈ വര്‍ഷം സെപ്റ്റംബറില്‍ പാകിസ്ഥാനില്‍ വെച്ച് നടക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ 2025ല്‍ പാക്കിസ്താന്‍ വേദിയാവുന്ന ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ ബഹിഷ്‌കരിക്കാനാണ് സാധ്യത.