ഗുരുതര വെളിപ്പെടുത്തലുമായി നായകന്‍, അഫ്ഗാന്‍ ടീമില്‍ പൊട്ടിത്തെറി

ഏകദിന ലോകകപ്പില്‍ നിരാശജനകമായ പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം നടത്തിയത്. കളിച്ച ഒന്‍പത് മത്സരങ്ങളില്‍ ഒന്നുപോലും ജയിക്കാന്‍ കഴിയാതിരുന്ന അവര്‍ കളത്തിന് പുറത്ത് വിവാദങ്ങളുണ്ടാക്കി വാര്‍ത്തകളില്‍ ഇടംപിടിയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ലോകകപ്പ് തോല്‍വിയെ കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നായിബ്. ഇതാദ്യമായാണ് ലോകകപ്പ് തോല്‍വിയെ കുറിച്ച് നായകന്‍ പ്രതികരിക്കുന്നത്.

ലോകകപ്പില്‍ അഫ്ഗാന്‍ ടീമിലെ ചില സീനിയര്‍ താരങ്ങള്‍ മനപൂര്‍വ്വം മോശമായി കളിച്ചുവെന്നും തന്നെ നായകനായി അംഗീകരിക്കാന്‍ പോലും ഇവര്‍ തയ്യാറായില്ലെന്നും നായിബ് തുറന്ന് പറയുന്നു. അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവരിലേക്കാണ് നായിബിന്റെ ആരോപണങ്ങളുടെ മുനനീങ്ങുന്നത്.

“ലോകകപ്പില്‍ ഞങ്ങള്‍ മുതിര്‍ന്ന താരങ്ങളെ അമിതമായി ആശ്രയിച്ചിരുന്നു. എന്നാല്‍ അവരില്‍ പലരും മനപൂര്‍വ്വം മോശം കളി കാഴ്ച വെച്ചത് ഞങ്ങളെ ഞെട്ടിച്ചു. മത്സരത്തിനിടെ അവര്‍ എന്നെ ശ്രദ്ധിച്ചില്ല, പന്ത് ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്റെ മുഖത്ത് നോക്കാന്‍ പോലും അവര്‍ തയ്യാറായില്ല. ടീമിന്റെ തോല്‍വികളില്‍ പുറമേ സങ്കടം കാണിച്ച അവര്‍ ഉള്ളില്‍ ചിരിക്കുകയായിരുന്നു.” നായിബ് പറയുന്നു.

ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന് തൊട്ട് മുന്‍പായിരുന്നു അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി ഗുല്‍ബാദിന്‍ നായിബിനെ നിയമിച്ചത്. ഇത് ടീമില്‍ വലിയ ഭിന്നത ഉണ്ടാക്കിയിരുന്നു. ഷെഹ്‌സാദിന് ടൂര്‍ണ്ണമെന്റിനിടെ അഫ്ഗാന്‍ ടീം ഒഴിവാക്കിയതും വലിയ വിവാദമായിരുന്നു.