സച്ചിനെപ്പോലെയോ കോഹ്ലിയെപ്പോലെയോ ഒരാളാകാനുള്ള കഴിവ് അവനില്‍ കാണുന്നു: വിലയിരുത്തലുമായി റോബിന്‍ ഉത്തപ്പ

നിലവിലെ തന്റെ ഫോം നിലനിര്‍ത്തിയാല്‍ വിരാട് കോഹ്ലിയെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും പോലെ മികച്ച ഒരു കളിക്കാാരനാകാന്‍ ശുഭ്മാന്‍ ഗില്ലിന് കഴിയുമെന്ന ഇന്ത്യന്‍ മുന്‍ താരം റോബിന്‍ ഉത്തപ്പ. ഇന്ത്യന്‍ ക്രിക്കറ്റിലെ വരാനിരിക്കുന്ന മറ്റൊരു താരമായ യശസ്വി ജയ്സ്വാളിനെയും പ്രശംസിച്ച താരം ഈ രണ്ട് താരങ്ങള്‍ തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വലിയ താരങ്ങളാണെന്ന് പറഞ്ഞു.

വിരാട് കോഹ്ലിയെപ്പോലെയോ സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെയോ ഒരാളാകാനുള്ള കഴിവ് അവന് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. തീര്‍ച്ചയായും അവന് അവരേപോലുള്ള കഴിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. അസാധാരണമായ ഫോമിലുള്ള ഒരു മികച്ച കളിക്കാരനാണ് അവന്‍.

നിലവില്‍ അവന്‍ അസാധാരണമായ ക്രിക്കറ്റാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളുമാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത രണ്ട് വലിയ താരങ്ങളെന്ന് എനിക്ക് വ്യക്തിപരമായി തോന്നുകയും വിശ്വസിക്കുകയും ചെയ്യുന്നു- ഉത്തപ്പ പറഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇപ്പോള്‍ നടക്കുന്ന ഐപിഎല്‍ 2023ല്‍ ശ്രദ്ധേയമായ ഫോമിലാണ്. ഇതുവരെ 13 മത്സരങ്ങളില്‍ നിന്ന് 146.19 സ്‌ട്രൈക്ക് റേറ്റില്‍ 576 റണ്‍സ് അടിച്ചുകൂട്ടിയ 23കാരന്‍ ഐപിഎല്‍ ഓറഞ്ച് ക്യാപ്പില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുണ്ട്.