രണ്ടാം ക്വാളിഫയര്‍ ഇന്ന്; ഈ ദൗര്‍ബല്യം രാജസ്ഥാന് തിരിച്ചടിയാകും

ഐപിഎല്‍ 15ാം സീസണിലെ രണ്ടാം ക്വാഷിഫയര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഫ്ളാറ്റ് പിച്ചാണ് അവിടെയുള്ളത്. അത് ഒരു തരത്തില്‍ ടീമിന് ഗുണമാകുമ്പോള്‍ മറ്റൊരു തരത്തില്‍ തിരിച്ചടിയാകുമെന്ന് നിരീക്ഷിച്ചിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍.

‘ഫ്ളാറ്റ് ട്രാക്കിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രശ്നം ആര്‍ അശ്വിന്റെ ബോളിംഗാണ്. എന്നാല്‍ പിച്ചില്‍ അല്‍പ്പം ടേണ്‍ ലഭിച്ചാല്‍ അശ്വിന്‍ ഏറ്റവും അപകടകാരിയായ ബൗളറായി മാറും. രണ്ട് സൂപ്പര്‍ സ്പിന്നര്‍മാരുള്ളത് രാജസ്ഥാനെ സംബന്ധിച്ച് ഗുണമാണ്. എന്നാല്‍ പിച്ചിന്റെ സ്വഭാവം എങ്ങനെയാവുമെന്ന് അറിയേണ്ടതായുണ്ട്’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റപ്പോള്‍ ആര്‍സിബി എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനെ തകര്‍ത്താണ് രണ്ടാം ക്വാളിഫയറിലേക്കെത്തിയത്. തോല്‍ക്കുന്ന ടീം ഫൈനല്‍ കാണാതെ പുറത്താവുമെന്നതിനാല്‍ ജയം മാത്രം മുന്നില്‍ക്കണ്ടാവും രണ്ട് ടീമിന്റെയും വരവ്.

ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് വിജയിച്ചതിന്റെ പ്രധാന കാരണം അവര്‍ രാജസ്ഥാന്റെ സ്പിന്നര്‍മാരെ നന്നായി കളിച്ചതാണ്. ഒറ്റ വിക്കറ്റും സ്പിന്നര്‍മാര്‍ക്ക് കിട്ടിയില്ല. യുസവേന്ദ്ര ചഹല്‍ വിക്കറ്റില്ലാതെയാണ് മടങ്ങിയത്. രണ്ടാം ക്വാളിഫയറില്‍ ചഹല്‍ ഇംപാക്ട് ടീമിന് പ്രധാനമാണ്.

ചഹലും സമ്മര്‍ദത്തില്‍ തന്നെയാണ്. സീസണല്‍ പതിനഞ്ച് മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റ് ചഹല്‍ വീഴ്ത്തി വിക്കറ്റ് വേട്ടയില്‍ ഒന്നാമതാണ് താരം. അതിനൊത്ത പ്രകടനം ചഹല്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍. സ്പിന്നര്‍മാര്‍ തിളങ്ങിയാല്‍ രാജസ്ഥാന്‍ വിജയം ഉറപ്പ്.