ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കരുത്തരായ പഞ്ചാബ് കിങ്സിനെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് നേരിടുക. ആദ്യ മത്സരത്തിലേറ്റ തോൽവിക്ക് ശേഷം ശക്തമായ തിരിച്ച് വരവ് സിഎസ്കെ നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ന് നടക്കുന്ന മത്സരത്തിലും ആരാധകർ ഉറ്റുനോക്കുന്നത് സഞ്ജു സാംസണെ തന്നെയാണ്.
ഇപ്പോഴിതാ ആവേശപ്പോരാട്ടത്തിന് മുന്നോടിയായി സഞ്ജു സാംസണെ കുറിച്ച് വമ്പൻ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. മുൻ ടീമായ രാജസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തിൽ തിളങ്ങാൻ കഴിയാതെ പോയ സഞ്ജു സാംസൺ പഞ്ചാബിനെതിരെ മിന്നും പ്രകടനം പുറത്തെടുക്കുമെന്നാണ് ശ്രീകാന്ത് പറയുന്നത്.
‘മത്സരം നടക്കുന്നത് ചെപ്പോക്കിലാണ്. ടി20 ലോകകപ്പിൽ സഞ്ജു സാംസൺ മാൻ ഓഫ് ദ സീരീസ് നേടിയ അതേ പിച്ചാണ് ഇത്. സഞ്ജു ഇവിടെ മികച്ച രീതിയിൽ കളിക്കും എന്നുറപ്പാണ്. സഞ്ജുവിന് ഫോമിലേക്ക് തിരിച്ചുവരാൻ ഇതാണ് ഏറ്റവും അനുയോജ്യമായ വിക്കറ്റ്. ആദ്യത്തെ അഞ്ച് പന്തുകൾക്ക് ശേഷം സഞ്ജു തകർത്തടിക്കും’, ക്രിസ് ശ്രീകാന്ത് പറഞ്ഞു.
Read more
‘220 റൺസ് നേടുന്ന ടീമിന് വിജയം നേടിയെടുക്കാൻ സാധിക്കും. രണ്ട് ടീമും ഇതിന് കരുത്തുള്ളവരാണ്. പേപ്പറിൽ ഇരു ടീമും പകുതി പകുതി വിജയ സാധ്യതയാണുള്ളത്. സഞ്ജു സാംസൺ ഫോമിലേക്കെത്തിയാൽ പഞ്ചാബിന്റെ ഒരു താരത്തിനും അതിനൊപ്പം എത്താൻ സാധിക്കില്ല’ ശ്രീകാന്ത് കൂട്ടിച്ചേർത്തു.







