സഞ്ജൂ.., ഐഎസ്എല്ലില്‍ തലനാരിഴയ്ക്ക് ബ്ലാസ്റ്റേഴ്സിനു നഷ്ടമായ കിരീടം ഐപിഎല്ലിലൂടെ ഞങ്ങള്‍ക്ക് തരണം

 

പുള്ളോട് പ്രവീണ്‍

‘ദൈവം’ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലത്ത് തന്നെയാണ് ഞാന്‍ ക്രിക്കറ്റ് കളി കണ്ട് തുടങ്ങിയതും. അതുകൊണ്ട് തന്നെ സച്ചിന്‍ കഴിഞ്ഞു മാത്രമേ വേറെ ഏതൊരു ക്രിക്കറ്ററേ യും നോക്കി കണ്ടിരുന്നുള്ളൂ. 400+ റണ്‍സ് നേടുന്ന, ക്രീസില്‍ നൃത്ത ചുവടുകള്‍ വയ്ക്കുന്ന ലാറയും, തോല്‍ക്കും എന്ന് ഉറപ്പുള്ള കളി പോലും എതിരാളികള്‍ നിന്നും പിടിച്ചെടുക്കുന്ന ബെവന്‍, വെടിക്കെട്ട് നടത്തി ക്ഷണനേരം കൊണ്ട് നൂറില്‍ എത്തുന്ന ജയസൂര്യ & ആഫ്രിഡി, വോ ബ്രോതെര്‌സ്, ഗിള്‍ക്രിസ്റ്റ്, കല്ലിസ്, അന്‍വര്‍, ഡിസില്‍വ എന്നിങ്ങനെ ഉള്ള പലരും ആ കാലത്ത് ഉണ്ടായിരുന്നു എങ്കിലും അവരൊന്നും മനസ്സില്‍ കയറാതിരുന്നത് സച്ചിനോട് ഉള്ള അമിത ആരാധന തന്നെ ആയിരുന്നു.

സച്ചിന്‍ ആദ്യം ഒക്കെ അവന്‍ ആയിരുന്നു, പിന്നെ അയാള്‍ ആയി, ഒടുവില്‍ അദ്ദേഹവും. ഒരുപാട് പേരോട് ആരാധന തോന്നിയിട്ടുണ്ട് ( മമ്മുട്ടി, മോഹന്‍ലാല്‍, കരുണാകരന്‍, ലിയാണ്ടര്‍ പേസ്, ആനന്ദ്,, പിടി ഉഷ, എം ടി, വികെഎന്‍ അങ്ങനെ അങ്ങനെ ) പക്ഷെ, പിന്നീട് ചിന്തിച്ചപ്പോള്‍ ആണ് ഒരു കാര്യം മനസിലായത്, സച്ചിനോട് ആരാധന അല്ല അസൂയയാണ് എന്ന്. ഷാര്‍ജയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടി സച്ചിന്‍,സാക്ഷാല്‍ ഓസ്‌ട്രേലിയയില്‍ നിന്നും കിരീടം തട്ടിയെടുത്ത ആ രാത്രിയില്‍ ആണ് ഞാന്‍ ആദ്യമായി ദൈവത്തോട് പ്രാര്‍ത്ഥിച്ചത് ‘അടുത്ത ജന്മത്തില്‍ എന്നെ ഒരു സച്ചിന്‍ ആക്കണേ എന്ന് ‘ അതിന് മുന്‍പോ പിന്‍പോ ഒരിക്കലും മറ്റ് ആരെങ്കിലും വച്ച് ഞാന്‍ അങ്ങനെ പ്രാര്‍ത്ഥിച്ചിട്ടും ഇല്ല.

ഒരു നവംബര്‍ മാസത്തില്‍ സച്ചിന്‍ എല്ലാം അവസാനിപ്പിച്ചു നടത്തിയ പ്രസംഗം കെട്ട് കണ്ണ് നിറഞ്ഞത് എന്റെ മാത്രം അല്ല എന്ന് എനിക്ക് ഉറപ്പുണ്ട്. സച്ചിന് ശേഷം ഇനി ഞാനും ക്രിക്കറ്റ് കാണില്ല എന്ന് ഞാനും തീരുമാനം എടുത്തു, എനിക്ക് ഉറപ്പുണ്ട് ആ തീരുമാനം എടുത്ത ഒരുപാട് പേര് അന്ന് ഉണ്ടാവും എന്ന്.

പിന്നെ കുറച്ചു കാലം ക്രിക്കറ്റ് അധികം ശ്രദ്ധിക്കാതെ പോയ നാളുകള്‍. പിന്നീട് എപ്പോളൊ കോഹ്ലിയും, രോഹിത്തും, ബുമ്രയും, ജഡേജയും ( ധോണി ഇല്ല സത്യം ) ഒക്കെ ചേര്‍ന്ന് ഇന്ത്യന്‍ ടീമിലേല്‍ക്ക് ശ്രെദ്ധ എത്തിച്ചപ്പോള്‍ വീണ്ടും കളികള്‍ കണ്ട് തുടങ്ങി. കഴിഞ്ഞ ലോക കപ്പ് ഒക്കെ ഒരു കളി പോലും വിടാതെ കാണാന്‍ പ്രേരിപ്പിച്ചതും അവര്‍ ഒക്കെ തന്നെയാണ്.

സച്ചിന്‍ എന്ന ‘ക്രിക്കറ്റ് ദൈവം ‘ താരമായി ആയി മനസ്സില്‍ ഉള്ളപ്പോളും ഒരു പ്ലയര്‍ ആയി മുംബൈ ടീമില്‍ ഉള്ളപ്പോളും ഒന്നും ഐപിഎല്‍ മനസ്സില്‍ കേറി കൂടിയിരുന്നില്ല. വിജയി ആരാണ് എന്ന് വായിച്ചു വിടും, അത് മാത്രം.

പക്ഷെ, ഇത്തവണ എനിക്ക് ഒരു ടീം ഉണ്ടായിരുന്നു, ഉണ്ട് ഇനിയും ഉണ്ടാവും. അത് രാജസ്ഥാന്‍ റോയല്‍സ് തന്നെ, മറ്റൊന്നും കൊണ്ടല്ല അടിമുടി മലയാളി ആയ സഞ്ജു വിന്റെ ടീം ആയ കൊണ്ട് തന്നെ. ‘മഞ്ഞപ്പട’ ആവേശം ആയ ബ്ലാസ്റ്റേഴ്സ് പോലെഐപിഎല്‍ ഇല്‍ നമുക്ക് ഒരു ടീം ഇല്ല എന്ന മലയാളികളുടെ കുറവ് നികത്താന്‍ ഉണ്ടായ ടീം ആണ് രാജസ്ഥാന്‍. ഇന്നിതാ എന്റെ ടീം, മലയാളികളുടെ ടീം, പ്ലേ ഓഫ് കളിക്കാന്‍ പോകുന്നു.

സഞ്ജു, ഞാന്‍ അടക്കം ഉള്ള കേരളത്തില്‍ ഉള്ള ഒരുപാട് മലയാളികള്‍ ഉണ്ട് നിന്നോടൊപ്പം.. ഐഎസ്എല്‍ ല്‍ തലനാരിഴയ്ക്ക് ബ്ലാസ്റ്റേഴ്സ് നു നഷ്ടം ആയ കിരീടം ഐപിഎല്‍ ആയി ഞങ്ങള്‍ക്ക് തരണം. 30+ കളില്‍ കാലിടറുന്ന നിങ്ങള്‍ ഇനിയുള്ള രണ്ട് അല്ലെങ്കില്‍ മൂന്നു കളികളില്‍ മികച്ച സ്‌കോര്‍ നേടി ഓരോ മലയാളിക്കും അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കണം, അത് വഴി അടുത്ത ലോക കപ്പ് ടീമില്‍ കയറണം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍