സാക്ഷാൽ എം എസ് ധോണിക്ക് പോലുമില്ലാത്ത റെക്കോർഡ് തൂക്കി സഞ്ജു; ആരാധകർ ആവേശത്തിൽ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിന്‌ പരാജയപ്പെടുത്തി തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. മലയാളി താരം സഞ്ജു സാംസന്റെ മികവിലാണ് ചെന്നൈ കൂറ്റൻ സ്കോറിലേക്ക് എത്തിയത്.

56 പന്തുകളിൽ 15 ഫോറുകളും 4 സിക്‌സും അടക്കം 115* റൺസ് നേടി സെഞ്ചുറി തികച്ചു. നാളുകൾ ഏറെയായി മോശം ഫോമിൽ നിന്ന സഞ്ജുവിന്റെ തിരിച്ച് വരവിൽ ആരാധകർ ഡബിൾ ഹാപ്പിയാണ്. അര്‍ധ സെഞ്ചുറി പ്രകടനത്തോടെ ആയുഷ് മാത്രെയും സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. 36 പന്തില്‍ 59 റൺസെടുത്താണ് ആയുഷ് പുറത്തായത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് 15 റണ്‍സെടുത്ത് പുറത്തായപ്പോൾ ശിവം ദുബെ (10 പന്തില്‍ 20) സഞ്ജുവിനൊപ്പം പുറത്താവാതെ നിന്നു.

ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ ആദ്യ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ നിരവധി റെക്കോർഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിം​ഗ്സിന് വേണ്ടി ആദ്യമായാണ് ഒരു വിക്കറ്റ് കീപ്പര്‍ സെഞ്ച്വറി നേടുന്നത്. സിഎസ്കെയു‌ടെ ഇതിഹാസതാരം എം എസ് ധോണിക്ക് പോലും നേടാനാവാത്ത നേട്ടമാണിത്.

ചെന്നൈയുടെ വിക്കറ്റിന് പിന്നില്‍ വര്‍ഷങ്ങളോളം തിളങ്ങിയ ധോണിയുടെ ഐപിഎല്ലിലെ ഉയര്‍ന്ന സ്കോര്‍ 2019ൽ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നേടിയ 84 റണ്‍സാണ്. ഇതോടെ ഐപിഎല്ലിൽ ഒരു സിഎസ്‌കെ വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന എംഎസ് ധോണിയുടെ റെക്കോർഡും സഞ്ജു തകർത്തു.