സഞ്ജു കാണിച്ചത് മണ്ടത്തരം ആയി പോയി, കളി തോറ്റിരുന്നെങ്കിൽ എയറിൽ കയറുമായിരുന്നു: ഹർഭജൻ സിംഗ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് രണ്ട് വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജസ്ഥാൻ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിക്ക് 7 കളികളിൽ നിന്ന് 12 പോയിൻ്റുണ്ട്. ജോസ് ബട്ട്‌ലറുടെ ഈ സീസൺ ഐപിഎലിലെ രണ്ടാം സെഞ്ച്വറി റോയൽസിനെ മികച്ച വിജയത്തിലേക്ക് നയിച്ചു. എന്നിരുന്നാലും, ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെയും മുഖ്യ പരിശീലകൻ കുമാർ സംഗക്കാരയുടെയും ഒരു വലിയ തന്ത്രപരമായ പിഴവ് അവരുടെ ടീമിനെ പരാജയപ്പെടുത്താമായിരുന്നു.

ഷിംറോൺ ഹെറ്റ്മയർ, റോവ്മാൻ പവൽ തുടങ്ങിയ വമ്പൻ ഹിറ്റർമാർ ഉണ്ടായിരുന്നിട്ടും രവിചന്ദ്രൻ അശ്വിനെ ബട്ട്‌ലറിനൊപ്പം ബാറ്റിംഗിന് നേരത്തെ അയച്ചത് ഒരു വലിയ പിഴവായി മാറുമായിരുന്നു. 11 പന്തിൽ എട്ട് റൺസ് നേടിയ ശേഷം ഓഫ് സ്പിന്നർ പന്ത് ടൈം ചെയ്യുന്നതിൽ പരാജയപ്പെട്ടു. അശ്വിൻ ക്രീസിൽ ഉണ്ടായിരുന്നപ്പോൾ ബട്ട്ലർ തന്നെ ബുദ്ധിമുട്ടുക ആയിരുന്നു.

ഈ നീക്കത്തിൽ അമ്പാട്ടി റായിഡു അമ്പരന്നു. “ഹെറ്റ്‌മെയറിനും റോവ്‌മാനും മുന്നിൽ അശ്വിൻ വന്നത് എന്നെ അത്ഭുതപ്പെടുത്തി. അശ്വിൻ കളിച്ച ഡോട്ട് ബോളുകൾ കാരണം സമ്മർദ്ദമേറി അനാവശ്യ ഷോട്ട് കളിച്ച് പുറത്താകേണ്ട സാഹചര്യത്തിൽ കാര്യങ്ങൾ എത്തുമായിരുന്നു ” അമ്പാട്ടി റായിഡു പറഞ്ഞു.

ഹർഭജൻ സിംഗ് ഈ നീക്കത്തെ ചോദ്യം ചെയ്തു. ഷിംറോൺ ഹെറ്റ്‌മെയറും റോവ്‌മാൻ പവലും ടീമിലുണ്ടെങ്കിലും നിങ്ങൾ അവർക്ക് മുന്നിൽ അശ്വിനെയാണ് തിരഞ്ഞെടുത്തത്. കളി തോറ്റിരുന്നെങ്കിൽ ഈ നീക്കം ഏറെക്കാലം ചർച്ച ചെയ്യപ്പെടുമായിരുന്നു, ഹർഭജൻ സിംഗ് പറഞ്ഞു.

വരുൺ ആരോണും ഈ നീക്കത്തെ ചോദ്യം ചെയ്തു “രാജസ്ഥാൻ 30/4 ആയിരുന്നെങ്കിൽ, ഈ നീക്കം നല്ലതാണെന്ന് പറയുമായിരുന്നു, പക്ഷേ അവർക്ക് വേഗതയിൽ റൺസ് ആവശ്യമുള്ളപ്പോൾ അത് മണ്ടത്തരമായി പോയി ” വരുൺ ആരോൺ പറഞ്ഞു.