സിക്‌സുകൾ പറത്തി 14 വയസ്സുകാരി ; വീഡിയോ പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ശ്രദ്ധ വരെ പിടിച്ചുപറ്റിയ ക്രിക്കറ്റ് കളിക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. രാജസ്ഥാനിലെ ബർമറിലെ 14 വയസ്സുകാരിയായ മുമാൽ മെഹറുടെ വീഡിയോ ആണ് സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ പങ്കുവച്ചത്. പെണ്‍കുട്ടി കുറച്ചു ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതും തുടര്‍ച്ചയായി സിക്‌സറുകള്‍ അടിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

‘ഇന്നലെ ലേലം നടന്നു, നിങ്ങള്‍ ഇന്ന് ബാറ്റിംഗ് ആരംഭിച്ചു. നന്നായി ചെയ്തു. നിങ്ങളുടെ ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു.’എന്ന അടികുറിപ്പോടെയാണ് സച്ചിൻ ടെണ്ടുൽക്കർ വിഡിയോ പങ്കുവെച്ചത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും മെഹറിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. ‘അവിശ്വസനീയമായ ഷോട്ടുകള്‍! ബാര്‍മറില്‍ നിന്നുള്ള ഈ പെണ്‍കുട്ടി ഗ്രൗണ്ടിലുടനീളം പന്ത് അനായാസം അടിക്കുന്നത് നോക്കൂ. എന്ന അടികുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ നിരവധി പേരാണ് പെൺകുട്ടിയെ അഭിനന്ദിച്ച് എത്തിയത്.

അതേസമയം, പെൺകുട്ടിയുടെ കഴിവുകളും ക്രിക്കറ്റിനോടുള്ള അഭിനിവേശവും തന്നെ അത്ഭുതപെടുത്തുകയാണെന്ന് ബിസിസിഐയുടെ സെക്രട്ടറി ജയ് ഷാ പറഞ്ഞു. “പെൺകുട്ടിയുടെ ക്രിക്കറ്റ് കഴിവുകളും കളിയോടുള്ള അഭിനിവേശവും എന്നെ അത്ഭുതപ്പെടുത്തി! വനിതാ ക്രിക്കറ്റിന്റെ ഭാവി നല്ല കൈകളിലാണെന്ന് അറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ യുവ അത്‌ലറ്റുകളെ ശാക്തീകരിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ഇതിലൂടെ അവർക്ക് ഭാവിയിലെ ഗെയിം ചെഞ്ചേഴ്‌സ് ആയി മാറാൻ കഴിയും! എന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു.

പെൺകുട്ടി സിക്‌സറുകൾ പറത്തുന്ന വീഡിയോ പത്ത് ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടിരിക്കുന്നത്. വീഡിയോയിൽ നിരവധി പേർ പെണ്‍കുട്ടിയുടെ ബാറ്റിംഗ് ശൈലിയെ ഇന്ത്യയുടെ ടി 20 സൂപ്പർ സ്റ്റാർ സൂര്യ കുമാര്‍ യാദവുമായി താരതമ്യം ചെയ്‌ത്‌ കമന്റുകൾ പങ്കുവച്ചിട്ടുമുണ്ട്. ‘എന്റെ പുതിയ പ്രിയപ്പെട്ട ക്രിക്കറ്റ് താരം, ഞാന്‍ വാതു വെക്കുന്നു. അവള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ഒരു സൂപ്പര്‍ സ്റ്റാറും ആയിത്തീരും, പെൺകുട്ടികൾക്ക് കൂടുതൽ കരുത്തേകുന്നു, ഉയരങ്ങളിൽ എത്തട്ടെ, എന്നിങ്ങനെ നിരവധി കമന്റുകളും വീഡിയോയിൽ കാണാൻ സാധിക്കും.

ബർമറിലെ ഷഹ്‌പുര കനാസർ ഗ്രാമത്തിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുമാൽ മെഹർ. ‘താൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാറിന്റെ ബാറ്റിംഗ് സ്ഥിരമായി കാണാറുണ്ട് . അതോടെയാണ് താൻ ലോങ്ങ് ഷോട്ടുകൾ എടുക്കാനുള്ള ശ്രമം തുടങ്ങിയത്. ദിവസവും മൂന്നോ നാലോ മണിക്കൂർ ഇതിനു വേണ്ടി കളിക്കുകയും ചെയ്യും. റോഷൻ ഭായ് ആണ് ഞങ്ങളെ ഇതിനായി സഹായിക്കാറുള്ളത്. ഈയിടെ റൂറൽ ഒളിമ്പിക്സിൽ പങ്കെടുക്കുകയും ഗ്രാമപഞ്ചായത്ത് തലം മുതൽ ജില്ലാ തലം വരെ കളിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ തന്റെ ടീം തോറ്റു’ എന്നും മെഹർ പറയുന്നു.

9 വയസ്സുള്ളപ്പോൾ അനീസയ്‌ക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതാണ് മെഹർ . അണ്ടർ 19 രാജസ്ഥാൻ ടീമിലേക്ക് അനീസ തിരഞ്ഞെടുക്കപ്പെട്ടതോടെ അവളുടെ താൽപര്യം വർധിച്ചു. മെഹറിന് ഏഴ് സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട്. വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള സ്‌കൂളിലേക്ക് മെഹർ നടനാണ് പോകാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ മെഹറിന് 12,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപെടുന്നതോടെ മുമാൽ മെഹറിന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാരിൽ നിന്ന് എന്തെങ്കിലും സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റോഷൻ ഖാൻ പറഞ്ഞു.