ആ കുറ്റവാളി രോഹിത്തോ ധോണിയോ? ബിസിസിഐ മിണ്ടാത്തതിന് കാരണം ഇതാണ്

മുംബൈ: ലോകകപ്പ് ഉടനീളം ബിസിസിഐ നിയമം ലംഘിച്ച് ഭാര്യയെ കൂടെ താമസിപ്പിച്ച സീനിയര്‍ താരം ആരെന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയോ മുന്‍ നായകന്‍ എം എസ് ധോണിയോ ആണ് ഇക്കാര്യത്തില്‍ നിയമലംഘനം നടത്തിയിരിക്കുന്നതെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ അനുമാനം. ഇതാണ് ബിസിസിഐ കടുത്ത നടപയ്ക്ക് മുതിരാത്തതെന്നും ആക്ഷേപമുണ്ട്.

ലോകകപ്പ് സമയത്ത് 15 ദിവസം മാത്രമെ ഭാര്യയെയും കുടുംബത്തെയും കൂടെ താമസിപ്പിക്കാവൂ എന്ന ബിസിസിഐ ഭരണസിമിതിയുടെ കര്‍ശന നിര്‍ദേശമാണ് സീനിയര്‍ താരം ലംഘിച്ചത്.

ലോകകപ്പ് തീരുംവരെ കുടുംബത്തെ കൂടെത്താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈ സീനിയര്‍ താരം മെയ് മാസം തന്നെ ഇടക്കാല ഭരണസിമിതിക്ക് അപേക്ഷ നല്‍കിയിരുന്നവെങ്കിലും സമിതി ഇത് തള്ളിയിരുന്നു. ഈ താരം തന്നെയാണ് ലോകകപ്പ് നടന്ന ഏഴാഴ്ചയും കുടുംബത്തെ കൂടെ താമസിപ്പിച്ചതെന്ന് ബിസിസിഐ പ്രതിനിധി പിടിഐയോട് വ്യക്തമാക്കിയിരുന്നു.

ക്യാപ്റ്റന്റെയോ കോച്ചിന്റെയോ അനുമതിയില്ലാതെയായിരുന്നു ഇത്. ഈ വിഷയത്തില്‍ ടീമിന്റെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരായ സുനില്‍ സുബ്രഹ്മണ്യന് വീഴ്ച പറ്റിയെന്നും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയോ തടയുകയോ ചെയ്തില്ലെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു.

വിദേശ പരമ്പരകളില്‍ ആദ്യ രണ്ടാഴ്ചത്തേക്ക് കുടംബത്തെ കൂടെ താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിര്‍ദേശം. രണ്ടാഴ്ച എന്നത് 20 ദിവസം ആക്കി ഉയര്‍ത്തണമെന്നും ടീം ബസില്‍ കുടുംബാംഗങ്ങളെ അനുവദിക്കരുതെന്നും കോഹ്ലിയും ശാസ്ത്രിയും ഏപ്രിലില്‍ ബിസിസിഐ ഇടക്കാല ഭരണസിമിതിയോട് ആവശ്യപ്പെട്ടിരുന്നു.