IPL 2025: അടിക്കുമെന്ന് പറഞ്ഞാല്‍ ഈ പരാഗ് അടിച്ചിരിക്കും, എങ്ങനെയുണ്ടായിരുന്നു എന്റെ സിക്‌സ് പൊളിച്ചില്ലേ, വീണ്ടും വൈറലായി രാജസ്ഥാന്‍ ക്യാപ്റ്റന്റെ ട്വീറ്റ്‌

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തോറ്റെങ്കിലും അവസാനം വരെ പൊരുതിയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് കീഴടങ്ങിയത്. നായകന്‍ റിയാന്‍ പരാഗ് 45 പന്തില്‍ 95 റണ്‍സുമായി മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. ആറ് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ വെടിക്കെട്ട് പ്രകടനമായിരുന്നു റിയാന്‍ കൊല്‍ക്കത്തക്കെതിരെ നടത്തിയത്‌. 211.11 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. രാജസ്ഥാന്റെ ടോപ് ഓര്‍ഡറും മധ്യനിരയും തകര്‍ന്നടിഞ്ഞെങ്കിലും ഷിമ്രോണ്‍ ഹെറ്റ്‌മെയറിനെയും പിന്നാലെ ഇറങ്ങിയ ശുഭം ദുബെയും കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു പരാഗ്.

അതേസമയം മോയിന്‍ അലിയുടെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് പരാഗ് നേടിയത്. മോയിന്‍ അലി എറിഞ്ഞ 13ാം ഓവറിലായിരുന്നു അഞ്ച് സിക്‌സ് ഉള്‍പ്പെടെ പരാഗ് 30 റണ്‍സ് അടിച്ചെടുത്തത്. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ അടുത്ത ഓവറിലെ രണ്ടാം പന്തും സിക്‌സടിച്ചതോടെ തുടര്‍ച്ചയായി ആറ് സിക്‌സുകള്‍ നേടുകയായിരുന്നു താരം. ഈ മിന്നുംപ്രകടനത്തിന് പിന്നാലെ പരാഗിന്റെ പഴയൊരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു.

Read more

2023 മാര്‍ച്ച് മാസമായിരുന്നു തന്റെ മനസില്‍ വന്നുകൊണ്ടിരിക്കുന്ന ഒരു കാര്യം ട്വിറ്ററിലൂടെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ തുറന്നുപറഞ്ഞത്. ഐപിഎലില്‍ എപ്പോഴെങ്കിലും ഒരു ഓവറില്‍ നാല് സിക്‌സുകള്‍ ഞാന്‍ അടിക്കുമെന്ന് എന്റെ മനസ് പറയുന്നു എന്നായിരുന്നു ആ ട്വീറ്റ്. എന്നാല്‍ ആ വര്‍ഷം സംഭവിച്ചില്ലെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞ് അന്ന് പറഞ്ഞത് പോലെ പരാഗിന്‌ സംഭവിച്ചിരിക്കുകയാണ്.