IPL 2025: എന്നെ ചവിട്ടി പുറത്താക്കിയപ്പോൾ ഒരുത്തനും തിരിഞ്ഞ് നോക്കിയില്ല, ആകെ വിളിച്ചത് കുംബ്ലെയും ദ്രാവിഡും മാത്രം; പ്രമുഖരെ കൊത്തി മുഹമ്മദ് കൈഫ് പറഞ്ഞത് ഇങ്ങനെ

ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ഇന്ത്യൻ ടീമിന്റെ മാച്ച് വിന്നർമാരായിരുന്നു അനിൽ കുംബ്ലെയും രാഹുൽ ദ്രാവിഡും. ഇരുവരും ദേശീയ ടീമിനെയും പരിശീലിപ്പിച്ചിരുന്നു. തന്റെ തകർപ്പൻ ഫീൽഡിംഗിന് പേരുകേട്ട മുൻ ഇന്ത്യൻ കളിക്കാരൻ മുഹമ്മദ് കൈഫ്, തന്റെ കരിയറിലെ ദ്രാവിഡിന്റെയും കുംബ്ലെയുടെയും സംഭാവനകളെ അനുസ്മരിച്ചു രംഗത്ത് വന്നിരിക്കുകയാണ്.

“ടീം ഇന്ത്യയിൽ നിന്ന് എന്നെ പുറത്താക്കിയപ്പോൾ രണ്ട് കളിക്കാർ മാത്രമാണ് എന്നെ വിളിച്ചത്. രാഹുൽ ദ്രാവിഡ് എന്നെ വിളിച്ചു. ടീമിലേക്ക് തിരിച്ചുവരാൻ കഠിനാധ്വാനം ചെയ്യണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അനിൽ കുംബ്ലെയും എന്നോട് സംസാരിച്ചു, എന്റെ ഫീൽഡിംഗിൽ തുടർന്നും പ്രവർത്തിക്കാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു. ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കുമെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നൽകി,” ഐപിഎൽ 2025 ലെ പിബികെഎസ് vs എൽഎസ്ജി മത്സരത്തിനിടെ മുഹമ്മദ് കൈഫ് പറഞ്ഞു.

“ഞാനും സഹീർ ഖാനും യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും ഞങ്ങളുടെ കരിയറിൽ കുംബ്ലെ നൽകിയ സംഭാവനകളെക്കുറിച്ച് ചർച്ച ചെയ്തു. അനിൽ ഭായ്, എന്നെ സഹായിച്ചതിന് നന്ദി,” അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹം തുടർന്ന് പറഞ്ഞത് ഇങ്ങനെ “ഫീൽഡിംഗിന്റെ കാര്യത്തിൽ അനിൽ കുംബ്ലെ ഞങ്ങളോട് കർക്കശക്കാരനായിരുന്നു. ഒരു ഫീൽഡ് നഷ്ടപ്പെട്ടാലോ അല്ലെങ്കിൽ ഞങ്ങൾ ഒരു സിംഗിൾ വഴങ്ങിയാലോ, അദ്ദേഹം ഞങ്ങളെ വെറുതെ വിട്ടില്ല. ഞാനും യുവിയും അദ്ദേഹത്തിന്റെ പ്രതീക്ഷകൾക്ക് അനുസൃതമായി ഫീൽഡ് ചെയ്യാത്തപ്പോഴെല്ലാം അദ്ദേഹം ഞങ്ങളെ ശകാരിച്ചിരുന്നു. ” അദ്ദേഹം പറഞ്ഞു.

എന്തായാലും ആ സമയം കൈഫിനൊപ്പം ടീമിൽ കളിച്ച പല പ്രമുഖരും ബുദ്ധിമുട്ടിന്റെ സമയത്ത് തിരിഞ്ഞുനോക്കിയില്ല എന്ന് തന്നെയാണ് കൈഫ് പറഞ്ഞിരിക്കുന്നത്.