വിന്‍ഡീസിന്റെ പവല്‍ ഇന്നലെ അടിച്ചു തകര്‍ത്തപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഋഷഭ് പന്ത്, പിന്നെ ഈ ഇന്ത്യാക്കാരും...!!

ഇന്ത്യ-വിന്‍ഡീസ് ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന്റെ റോമന്‍ പവല്‍ അടിച്ചു തകര്‍ത്തത് ഇന്ത്യന്‍ ആരാധകരെ ചെറുതായിട്ടൊന്നുമല്ല ടെന്‍ഷനടിപ്പിച്ചത്. പരമ്പര നിര്‍ണ്ണയിക്കാന്‍ പാകത്തിലുള്ള മത്സരത്തില്‍ അവസാന ഓവര്‍ വരെ അവര്‍ക്ക് ശ്വാസം അടക്കിപ്പിടിച്ച് ഇരിക്കേണ്ടിയും വന്നു. ഒരു ഘട്ടത്തില്‍ പവലും പൊള്ളോര്‍ഡും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ വിന്‍ഡീസ് വിജയം പിടിക്കുമോ എന്ന് പോലും തോന്നി.

ഇന്ത്യന്‍ ബൗളര്‍മാരെ പവല്‍ തല്ലിച്ചതക്കുമ്പോള്‍ ഇന്ത്യ തോല്‍ക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ താരം ഋഷഭ് പന്തും പിന്നെ ഡല്‍ഹി ക്യാപിറ്റല്‍സ് ആരാധകരും ഏറെ സന്തോഷിച്ചിരിക്കണം. താരം ഫോമിലേക്ക് മടങ്ങിവരാന്‍ ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നതും ഇവരാണ്്. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ഋഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് 2.8 കോടി രൂപയ്ക്കാണ് പവലിനെ മേഗാ താരലേലത്തില്‍ സ്വന്തമാക്കിയത്. ഇതോടെ മുടക്കിയ പണം നഷ്ടമാകില്ലെന്ന വിശ്വാസത്തിലായി ഫ്രാഞ്ചൈസി. ടീമിന്റെ നായകനാണ് ഇന്ത്യന്‍ യുവതാരം ഋഷഭ് പന്ത്. പവല്‍ ഇന്നലെ 36 പന്തില്‍ 68 റണ്‍സാണ് നേടിയത്. 4 ഫോറിന്റെയും 5 സിക്സും പറത്തി.

പവലിന്റെ കൂറ്റനടികള്‍ വിന്‍ഡീസിന് വിജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും 8 റണ്‍സ് അകലെ വിന്‍ഡീസ് വീണതോടെയാണ് ടീം ഇന്ത്യ ജയിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് സമാധാനമായത്. മത്സരത്തില്‍ ഡല്‍ഹിയുടെ നായകന്‍ പന്തും ഫോമിലേക്ക് വന്നിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ 187 ല്‍ അര്‍ദ്ധശതകം നേടിയ പന്തായിരുന്നു ടോപ് സ്‌കോറര്‍. പുറത്താകാതെ 28 പന്തില്‍ 52 റണ്‍സാണ് പന്ത് നേടിയത്. ഏഴു ബൗണ്ടറികളും ഒരു സിക്‌സറും താരവും പറത്തി.

അതേസമയം ഇന്നലെ സണ്‍റൈസേഴ്‌സിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനും ആവേശത്തിന്റെ ദിനമായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ആരാധകര്‍ക്ക് മുന്‍ നായകന്‍ വിരാട് കോഹ്ലി അര്‍ദ്ധശതകം കുറിച്ചത് സന്തോഷത്തിന് വക നല്‍കുന്നു. 41 പന്തില്‍ 52 റണ്‍സാണ് കോലി നേടിയത്. ഏഴു ബൗണ്ടറിയും ഒരു സിക്‌സറും താരം പറത്തി. സണ്‍റൈസേഴ്‌സ് വന്‍തുക മുടക്കി വാങ്ങിയ നിക്കോളാസ് പൂരന്‍ 41 പന്തില്‍ 62 റണ്‍സാണ് അടിച്ചത്. അഞ്ചു ബൗണ്ടറികളും മൂന്ന് സിക്‌സറുകളും മൂളിപ്പറന്നു.