പന്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തി; പുറത്തിറങ്ങിയത് ഗ്ലാസ് തകര്‍ത്ത്, ഗുരുതര പരിക്ക്, പ്രാര്‍ത്ഥനയോടെ ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ താരം സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു.

ഉത്തരാഖണ്ഡിലെ റൂര്‍ക്കിക്കു സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിനു തീപിടിച്ചതിനു പിന്നാലെ ഗ്ലാസ് തകര്‍ത്താണു താരം പുറത്തിറങ്ങിയത്.

താരം തന്നെയാണ് അപകടം നടക്കുന്ന സമയത്തു വാഹനമോടിച്ചിരുന്നതെന്നാണു പ്രാഥമികമായ വിവരം. താരത്തിന് തലയ്ക്കും കാല്‍മുട്ടിനും കണങ്കാലിനുമാണു പരിക്കുള്ളത്.

കാലില്‍ പൊട്ടലുണ്ടായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡെറാഡൂണിലെ ആശുപത്രിയിലേക്കു താരത്തെ മാറ്റി.