ഋഷഭ് പന്തിന്‍റെ ആരോഗ്യനില: പുതിയ വിവരങ്ങള്‍ ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റിനും ഋഷഭ് പന്ത് ആരാധകര്‍ക്കും സന്തോഷവാര്‍ത്ത. ആരോഗ്യാവസ്ഥയില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ച താരം ഈ ആഴ്ച കോകിലാബെന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടും. ഡിസംബര്‍ 30 ന് നടന്ന കാര്‍ അപകടത്തെ തുടര്‍ന്ന് 25 കാരനായ അദ്ദേഹം ആശുപത്രിയില്‍ തുടരുകയാണ്.

വലത് കാലിലെ ലിഗമെന്റില്‍ താരത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ബിസിസിഐ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ സന്തോഷകരമായ പുരോഗതിയാണ് ഉള്ളത്. ‘അവന്‍ വളരെ നന്നായി വരുന്നു. മെഡിക്കല്‍ ടീമില്‍ നിന്നുള്ള നല്ല വാര്‍ത്തയാണ്. ആദ്യത്തെ ശസ്ത്രക്രിയ വിജയകരമായിരുന്നു, എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിച്ചത് അതാണ്. ഈ ആഴ്ച അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യും ‘ ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നിരുന്നാലും, പന്തിന് അടുത്ത മാസം വീണ്ടും ആശുപത്രിയിലേക്ക് പോകേണ്ടതുണ്ട്. വലത് കാല്‍മുട്ടിലെ വിണ്ടുകീറിയ എസിഎല്ലില്‍ അദ്ദേഹത്തിന് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തും. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ നടന്ന അപകടത്തില്‍ പന്തിന്റെ വലതു കാല്‍മുട്ടിലെ മൂന്ന് ലിഗമെന്റുകള്‍ക്കും പരിക്കേറ്റിരുന്നു.

ക്രിക്കറ്റ് ഫീല്‍ഡിലേക്കുള്ള പന്തിന്റെ തിരിച്ചുവരവ് താരത്തിന്റ പുനരധിവാസത്തെ ആശ്രയിച്ചിരിക്കുന്നു. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം, പൂര്‍ണ്ണമായി സുഖം പ്രാപിക്കാന്‍ പന്തിന് ഏകദേശം 4-5 മാസം വേണ്ടിവരും. അതിനുശേഷം, അവന്‍ തന്റെ പുനരധിവാസവും പരിശീലനവും ആരംഭിക്കും. സമ്പൂര്‍ണ്ണ പരിശീലനം പുനരാരംഭിക്കുന്നതിന് 2 മാസങ്ങള്‍ കൂടി എടുക്കും.

പന്തിന് ഒക്ടോബറില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് തിരിച്ചുവരവ് മിക്കവാറും അസാധ്യമാണ്. വ്യക്തമായി പറഞ്ഞാല്‍ ഐപിഎല്ലും ലോകകപ്പും ഉള്‍പ്പടെ 2023-ന്റെ ഭൂരിഭാഗവും അദ്ദേഹത്തിന് നഷ്ടമാകും.