IND VS ENG: ധോണിയേയും സം​ഗക്കാരയേയും മറികടന്ന് റിഷഭ് പന്ത്, ആ റെക്കോഡ് ഇനി ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ പേരിൽ, കയ്യടിച്ച് ആരാധകർ

ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനിടെ ക്രിക്കറ്റ് ഇതിഹാസങ്ങളായ എംഎസ് ധോണിയേയും കുമാർ സം​ഗക്കാരയേയും മറികടന്ന് റിഷഭ് പന്ത്. ഇന്ത്യക്കായി അർധസെഞ്ച്വറി നേടി ആദ്യ ഇന്നിങ്സിൽ ശ്രദ്ധേയ പ്രകടനമാണ് പന്ത് കാഴ്ചവച്ചത്. 102 പന്തുകളിൽ ആറ് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 65 റൺസെടുത്ത് നിലവിൽ പുറത്താവാതെ നിൽക്കുകയാണ് താരം. ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിനൊപ്പം പന്ത് ഉണ്ടാക്കിയെടുത്ത കൂട്ടുകെട്ട് ഇന്ത്യയെ ശക്തമായ നിലയിൽ എത്തിച്ചു.

138 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഇതിനോടകം ഇന്ത്യക്കായി നേടിയിരിക്കുന്നത്. ഒന്നാം ദിനം കളി നിർത്തുമ്പോൾ മൂന്നിന് 359 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ഇതിനിടെ ടെസ്റ്റ് ക്രിക്കറ്റിൽ 3000 റൺസ് തികച്ചിരിക്കുകയാണ് റിഷഭ് പന്ത്. ടെസ്റ്റ് ഫോർമാറ്റിൽ വേ​ഗത്തിൽ 3000 റൺസ് നേടിയ എഷ്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് ധോണിയേയും സം​ഗക്കാരയേയും മറികടന്ന് പന്ത് സ്വന്തം പേരിലാക്കിയത്.

Read more

76 ഇന്നിങ്സുകളിൽ നിന്നാണ് റിഷഭ് പന്ത് ടെസ്റ്റിൽ‌ 3000 തികച്ചത്. സം​ഗക്കാര 78 ഇന്നിങ്സുകളിൽ നിന്നും ധോണി 86 ഇന്നിങ്സുകളിൽ‌ നിന്നും 3000 റൺസിലെത്തി. ആദ്യ ദിനം യശസ്വി ജയ്സ്വാളിന്റെയും ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലിന്റെയും സെഞ്ച്വറി മികവിലാണ് ഇന്ത്യ മികച്ച നിലയിൽ എത്തിയത്. ജയ്സ്വാൾ 101 റൺസ് നേടി പുറത്തായെങ്കിലും ​ഗിൽ‌ 127 റൺസെടുത്ത് പന്തിനൊപ്പം പുറത്താവാതെ നിൽക്കുന്നു.