RCB VS CSK: ഇത് എന്തോന്ന് പൊള്ളാർഡും സ്റ്റാർക്കും ആവർത്തിക്കാനുള്ള മൂഡ് ആണോ നിങ്ങൾക്ക്, വീണ്ടും കോഹ്‌ലി ഖലീൽ ഏറ്റുമുട്ടൽ; ഇത്തവണ ചൊറിഞ്ഞത് ചെന്നൈ താരം

ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ അതിദയനീയ പ്രകടനം നടത്തി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സിന് ഇന്നലത്തെ മത്സരത്തിലും തോൽവിയായിരുന്നു ഫലം. ആവേശകരമായ മത്സരത്തിൽ ചെന്നൈയെ 2 റൺസിന് തോൽപ്പിച്ചാണ് ബാംഗ്ലൂർ ജയം പ്ലേ ഓഫ് ഉറപ്പിച്ചത്. 94 റൺ നേടിയ ആയുഷ് മഹാത്രെ ചെന്നൈയുടെ ടോപ് സ്‌കോറർ ആയി. ബാംഗ്ലൂർ ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന ചെന്നൈ കളിയിൽ മുന്നിൽ ആയിരുന്നെങ്കിലും അവസാന നിമിഷത്തിലെ വമ്പൻ ട്വിസ്റ്റിന് ഒടുവിൽ ആർസിബി ജയിച്ചുകയറുക ആയിരുന്നു.

പ്ലേ ഓഫ് എത്താതെ പുറത്തായ ആദ്യ ടീമായ ചെന്നൈ ഇന്നും മാനം രക്ഷിക്കാനുള്ള പോരിനാണ് ബാംഗ്ലൂരിനെതിരെ ഇറങ്ങിയത്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ചെന്നൈക്ക് ആകെ സന്തോഷിക്കാൻ അവസരം കൂട്ടിയത് 5 – 6 ഓവറുകൾ മാത്രമാണ്. ബാക്കി കണ്ടത് ചെന്നൈ ബോളർമാരെ ബോളിങ് മെഷീൻ പോലെ നേരിടുന്ന ആർസിബി ബാറ്റ്സ്മാന്മാരെയാണ്. തുടക്കത്തിൽ മിന്നി, ഇടക്ക് മങ്ങി, അവസാനം ആളിക്കത്തിയ ബാംഗ്ലൂർ ആദ്യ ഇന്നിങ്സിൽ ചെന്നൈക്ക് എതിരെ അടിച്ചുകൂട്ടിയത് 213 – 5 റൺസ് ആണ്. മറുപടിയിൽ നന്നായി കളിച്ച ചെന്നൈ അവസാനമാണ് കളി കൈവിട്ടത്.

എന്തായാലും ചെന്നൈയുടെ തോൽവിയുടെ ബ്രെവിസിന്റെ റണ്ണൗട്ട് വിവാദവും ചർച്ചയാകുമ്പോൾ വിരാട് കോഹ്‌ലിയും ചെന്നൈ പേസർ ഖലീൽ അഹമ്മദും സോഷ്യൽ മീഡിയയിലെ ട്രോളുകളിൽ നിറയുകയാണ്. സീസണിൽ ഇരുടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിലും പരസ്പരം വാക്കുകൾ കോൺ ഏറ്റുമുട്ടിയ ഇരുവരും ഇന്നലെയും മോശമാക്കിയില്ല. കളിക്കിടെ, വിരാട് കോഹ്‌ലിയുടെ ക്യാച്ച് എടുത്ത ശേഷം ഖലീൽ അഹമ്മദ് ആക്രമണോത്സുകമായ ആഘോഷമാണ് നടത്തിയത്. എന്നാൽ, മടങ്ങുമ്പോൾ 33 പന്തിൽ നിന്ന് 62 റൺസ് നേടി ആർ‌സി‌ബിക്ക് മികച്ച തുടക്കം നൽകിയിരുന്നു. പ്രധാനപ്പെട്ട ഒരു വിക്കറ്റ് ആയിരുന്നെങ്കിലും, എന്തിനാണ് ഇത്ര ആഘോഷം നടത്തിയത് എന്നാണ് ആരാധകർ ചോദിച്ചത്. ഇത് കൂടാതെ ഇന്നിങ്സിന്റെ മൂന്നാം ഓവറിൽ ഖലീലിനെ കോഹ്‌ലി തുടർച്ചയായി സിക്സുകൾക്ക് പറത്തിയിരുന്നു.

അതേസമയം 3 ഓവറിൽ നിന്നായി 65 റൺ വഴങ്ങിയ ഖലീൽ വമ്പൻ ദുരന്തമായി. താരത്തിന്റെ അവസാന ഓവറിൽ 33 റൺസാണ് റൊമാരിയോ ഷെപ്പേർഡ് അടിച്ചുകൂട്ടിയത്.

Read more