ഫോമിലായിരിക്കാം, എന്നാല്‍ സാഹചര്യത്തെ ബഹുമാനിക്കാന്‍ പഠിക്കണം; ഇന്ത്യന്‍ സൂപ്പര്‍ താരത്തോട് ശാസ്ത്രി

ടി20യില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഏകദിനത്തില്‍ മോശം ഫോം തുടരുകയും ചെയ്യുന്ന സൂര്യകുമാര്‍ യാദവിന് ഉപദേശവുമായി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഫോമിലാണെങ്കിലും ഏകദിനത്തില്‍ സൂര്യ സാഹചര്യം കൂടി മനസിലാക്കി കളിക്കേണ്ടതായുണ്ടെന്ന് ശാസ്ത്രി പറഞ്ഞു.

ടി20യെക്കാള്‍ ഏകദിനത്തില്‍ സമയം കൂടുതലുണ്ടെന്ന് മനസിലാക്കണം. നിരവധി പന്തുകള്‍ നേരിടാനായുണ്ട്. അതിനായിട്ട് ക്ഷമയോടെ കാത്ത് നില്‍ക്കേണ്ടതായുണ്ട്. ടി20യെപ്പോലെ അതിവേഗത്തില്‍ 30-40 റണ്‍സ് നേടേണ്ടതില്ല. സൂര്യ അധികം സമയം ക്രീസില്‍ ചിലവിടാന്‍ ശ്രമിക്കണം.

ഈ ഗുണം ഏകദിനത്തില്‍ അത്യാവശ്യമാണ്. ഫോമിന്റെ അത്യുന്നതങ്ങളിലാണെങ്കില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായേക്കും. എന്നാല്‍ സാഹചര്യത്തെ ബഹുമാനിച്ച് മാത്രമെ കളിക്കാനാവൂ. ടി20യും ഏകദിനവും തമ്മില്‍ വലിയ വ്യത്യാസമില്ല. എന്നാല്‍ താരങ്ങളുടെ മനോഭാവവും നേരിടേണ്ട പന്തുകളുടെ എണ്ണവും വ്യത്യസ്തമാണ്.

ഉപഭൂഖണ്ഡങ്ങളില്‍ അഞ്ചാം നമ്പറില്‍ കളിച്ച് മികവ് കാട്ടാന്‍ സൂര്യക്ക് സാധിക്കും. ആ സാഹചര്യത്തിന് അവന്റെ ബാറ്റിംഗ് ശൈലി അനുയോജ്യമാണ്. എന്നാല്‍ ചില മാറ്റങ്ങള്‍ മറ്റ് പിച്ചുകളില്‍ ആവശ്യമാണ്. അത് പഠിക്കേണ്ടതായുണ്ട്. ബുദ്ധിമാനായ ക്രിക്കറ്റ് താരമാണവന്‍. അവന്റെ വളര്‍ച്ച നമ്മളെല്ലാം കണ്ടതാണ്. അതുകൊണ്ട് തന്നെ ഏകദിനത്തില്‍ മെച്ചപ്പെടുക വലിയ പ്രയാസമല്ല- ശാസ്ത്രി ചൂണ്ടിക്കാട്ടി.