എനിക്ക് ബൗണ്‍സര്‍ മാത്രമേ എറിയാന്‍ അറിയൂ എന്ന് പറഞ്ഞയാളാണ് രാഹുല്‍, അദ്ദേഹത്തിന്‍റെ രോഷം ഞാന്‍ അനുഭവിച്ചതാണ്; അറിയാക്കഥ വെളിപ്പെടുത്തി സിറാജ്

2020-21 ലെ ഇന്ത്യയുടെ അവിസ്മരണീയമായ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പങ്കെടുത്തതു മുതല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമിലെ ഒരു സ്ഥിര സാന്നിധ്യമാണ്. ഹൈദരാബാദില്‍ നിന്നുള്ള 29 കാരനായ പേസര്‍ തന്റെ ആദ്യ നാളുകളില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ കെ എല്‍ രാഹുലുമായി ബന്ധപ്പെട്ട് ഇതുവരും ആരും അറിയാത്ത ഒരു സംഭവം വെളിപ്പെടുത്തി.

സിറാജിന്റെ തുടക്ക കാലഘട്ടമായിരുന്നു അത്. അണ്ടര്‍ 23 ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയതിന് ശേഷം നെറ്റ് ബൗളറായി ഐപിഎലിലേക്ക് എത്തിയ തന്റെ ആദ്യകാലങ്ങളില്‍ സംഭവിച്ച കാര്യമാണ് ആര്‍സിബി പേസര്‍ വെളിപ്പെടുത്തിയത്. തുടര്‍ച്ചയായ ബൗണ്‍സറുകള്‍ എറിഞ്ഞതിന് കെ.എല്‍ രാഹുല്‍ തനിക്കെതിരെ കുപിതനായതിനെ കുറിച്ചാണ് സിറാജ് വെളിപ്പെടുത്തിയത്.

ഞാന്‍ അണ്ടര്‍ 23 ടീമിനൊപ്പം പ്രകടനം നടത്തിയിരുന്നു. ഞാന്‍ രഞ്ജി ട്രോഫിയില്‍ ഒരു മത്സരം കളിച്ചിരുന്നു. ഞാന്‍ ഒരു വിക്കറ്റ് നേടിയിരുന്നു, എന്നാല്‍ പിന്നീട് അടുത്ത രണ്ട് മത്സരങ്ങളില്‍ നിന്ന് എന്നെ പുറത്താക്കി, ഞാന്‍ ടീമിന് പുറത്തായിരുന്നു. അടുത്ത വര്‍ഷം ഐപിഎലില്‍ ഞാനും ഒരു നെറ്റ് ബൗളറായിരുന്നു.

Read more

ഞാന്‍ നെറ്റ്‌സില്‍ കെ എല്‍ രാഹുലിന് നേരെ തുടര്‍ച്ചയായി ബൗണ്‍സര്‍ എറിഞ്ഞു. അയാള്‍ക്ക് ദേഷ്യം വന്നു, അവന്‍ എന്നോട് പറഞ്ഞു ‘ഖാലി ബൗണ്‍സര്‍ ഹായ് ആതാ ഹേ തുജേ’ (നിനക്ക് ബൗണ്‍സര്‍ എറിയാന്‍ മാത്രമേ അറിയൂ). അപ്പോള്‍ ഞാന്‍ പറഞ്ഞു, ‘ഭയ്യ, എനിക്ക് മറ്റ് കാര്യങ്ങളും അറിയാം’- ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന ഷോയില്‍ ഗൗരവ് കപൂറുമായുള്ള ഒരു ചാറ്റില്‍ സിറാജ് വെളിപ്പെടുത്തി.