ലഞ്ചിന് മുന്‍പ് രാഹുല്‍ മടങ്ങി; ഇന്ത്യ പോരാട്ടം തുടരുന്നു

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 34 എന്ന നിലയില്‍. എട്ട് റണ്‍സ് നേടിയ കെ.എല്‍ രാഹുലിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. ക്രെയ്ഗ് ഓവര്‍ടണിന്റെ പന്തില്‍ രാഹുലിന്റെ മടക്കം. രോഹിത് ശര്‍മ്മ (25 നോട്ടൗട്ട്) ക്രീസിലുണ്ട്. ഉച്ചഭക്ഷണശേഷം ചേതേശ്വര്‍ പുജാര രോഹിത്തിന് കൂട്ടായെത്തും.

ഇംഗ്ലണ്ടിന്റെ സ്‌കോറിനെക്കാള്‍ 320 റണ്‍സിന് പിന്നിലാണ് ഇന്ത്യ ഇപ്പോഴും. നേരത്തെ, ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് 432ല്‍ അവസാനിച്ചു. നായകന്‍ ജോ റൂട്ടിന്റെ (121) സെഞ്ച്വറിയും ഡേവിഡ് മലാന്‍ (70), ഹസീബ് ഹമീദ് (68), റോറി ബേണ്‍സ് (61) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുമാണ് ഇംഗ്ലണ്ടിന് കുതിപ്പേകിയത്. ഇന്ത്യക്കായി മുഹമ്മദ് ഷമി നാല് വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം പിഴുതു.