കിരീട നേട്ടം വെറുതെ സംഭവിച്ചതല്ല, മനസ്സ് തുറന്ന് ദ്രാവിഡ്

അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതിന് പിന്നിലെ വിജയ രഹസ്യം ഒരേയൊരു പേരാണ്. അത് ഇന്ത്യന്‍ വന്മതില്‍ രാഹുല്‍ ദ്രാവിഡ് തന്നെ. കിരീടം നേടിയതിന് ശേഷം കൗമാര ടീമിനെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ അനുഭവിച്ച പ്രയത്‌നത്തെ കുറിച്ച് മനസ്സ് തുറന്നു ടീം പരിശീലകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡ്.

ടൂര്‍ണമെന്റ് മുന്നില്‍ കണ്ട് കഴിഞ്ഞ പതിനാല് മാസമായി ടീം കടുത്ത പരിശീലനത്തിലായിരുന്നുവെന്നാണ് ദ്രാവിഡ് പറയുന്നത്. ഓരോ സപ്പോര്‍ട്ട് സ്റ്റാഫിനും കൃത്യമായ ദൗത്യങ്ങള്‍ വീതിച്ചുനല്‍കിയിരുന്നു. മികച്ച ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ ഈ സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും ദ്രാവിഡ് പറയുന്നു.

വിജയത്തില്‍ വളരെയധികം അഭിമാനിക്കുന്നുവെന്ന് പറഞ്ഞ ദ്രാവിഡ് ടീമിലെ ഓരോ കളിക്കാര്‍ക്കും ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാവുന്ന നിമിഷമാകട്ടെ ഇതെന്നും ആശംസിച്ചു.

ടൂര്ണമെന്റിലുടനീളം മികച്ചപ്രകടനമാണ് ദ്രാവിഡിന്റെ കുട്ടികള്‍ കാഴ്ചവച്ചത്. പരാജയമറിയാതെയായിരുന്നു ഇന്ത്യയുടെ കുതിപ്പ്.

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ നാലാം ലോകകിരീടം സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റിന് മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്കായി കല്‍റ തകര്‍പ്പന്‍ സെഞ്ച്വറി നേടി.

ഇന്ത്യയുടെ നാലാം കൗമാര ലോകകിരീടം ആണിത്. ഇതിനു മുന്‍പ് 2000,2008, 2012 വര്‍ഷങ്ങളിലും ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു.