"എല്ലാ അവസാനത്തിനും ഒരു പുതിയ തുടക്കമുണ്ടാകും"; അശ്വിൻ ഐപിഎലിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ ഓൾറൗണ്ടർ ആർ അശ്വിൻ ബുധനാഴ്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അശ്വിനെ കൈമാറ്റം നടത്താൻ ചെന്നൈ ശ്രമിക്കുന്നെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിരമിക്കൽ. അദ്ദേഹം സോഷ്യൽ മീഡിയയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

‘‘ഇന്ന് വിശേഷ ദിവസമാണ്, അതുകൊണ്ട് തന്നെ വിശേഷമായ ഒരു തുടക്കവും. എല്ലാ അവസാനങ്ങൾക്കും ഒരു പുതിയ തുടക്കമുണ്ടാകുമെന്നാണ് പറയുന്നത്. ഐ‌പി‌എലിൽ എന്റെ സമയം ഇന്ന് അവസാനിക്കുന്നു, പക്ഷേ വിവിധ ലീഗുകളിൽ കളിക്കാനുള്ള എന്റെ സമയം ഇന്ന് ആരംഭിക്കുകയാണ്.”

“വർഷങ്ങളായി എനിക്ക് നൽകിയ അദ്ഭുതകരമായ ഓർമകൾക്കും ബന്ധങ്ങൾക്കും എല്ലാ ഫ്രാഞ്ചൈസികൾക്കും നന്ദി. പ്രത്യേകിച്ച് ഐപിഎൽ സംഘാടകർക്കും ബിസിസിഐക്കും. ഇതുവവരെ നൽകിയതിനെല്ലാം നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മുന്നോട്ടുള്ള ജീവിതം ആസ്വദിക്കാനും പരമാവധി പ്രയോജനപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു,’’ അശ്വിൻ എക്സിൽ കുറിച്ചു.

ഐപിഎല്ലിൽ 221 മത്സരങ്ങൾ കളിച്ച ഓഫ് സ്പിന്നർ 7.20 എന്ന ശരാശരിയിൽ 187 വിക്കറ്റുകൾ വീഴ്ത്തി. ബാറ്റിംഗിലൂടെ ഒരു അർദ്ധസെഞ്ച്വറിയുൾപ്പെടെ 833 റൺസ് അദ്ദേഹം നേടി. 38 കാരനായ അദ്ദേഹം ലീഗിൽ സിഎസ്‌കെ, റൈസിംഗ് പൂനെ സൂപ്പർ ജയന്റ്, പഞ്ചാബ് കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നിങ്ങനെ അഞ്ച് ഫ്രാഞ്ചൈസികൾക്കായി കളിച്ചു.

Read more

2010 ലും 2011 ലും സിഎസ്‌കെയുടെ കിരീട വിജയങ്ങളിൽ അശ്വിൻ നിർണായക പങ്ക് വഹിച്ചു. 2025 സീസണിൽ അദ്ദേഹം സിഎസ്‌കെയിലേക്ക് മടങ്ങിയെങ്കിലും ഒമ്പത് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകൾ വീഴ്ത്തി. 9.75 കോടി രൂപയ്ക്ക് അദ്ദേഹത്തെ വാങ്ങിയ വെറ്ററൻ താരത്തെ 19-ാം സീസണിന് മുമ്പ് വിട്ടയക്കാൻ ടീം പദ്ധതിയിട്ടു, പക്ഷേ താരം ടൂർണമെന്റിനോട് വിട പറഞ്ഞു.