'ദ്രാവിഡിന്റെ കാര്യം അറിയില്ല, ലോക കപ്പാണ് പ്രധാനം', ആശയക്കുഴപ്പമുണ്ടാക്കി കോഹ്ലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച് സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിന്റെ നിയമനത്തെ കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ലോക കപ്പ് കിരീടം നേടുന്നതിലാണ് ശ്രദ്ധയെന്നും കോഹ്ലി പറഞ്ഞു. രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി രാഹുല്‍ ദ്രാവിഡിനെ കോച്ചാക്കാന്‍ ബിസിസിഐ തീരുമാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.

ഞാനൊരു കാര്യം പറയട്ടെ, ലോക കപ്പ് ജയിക്കുകയാണ് പ്രധാന ലക്ഷ്യം. കോച്ചിന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. അതേക്കുറിച്ച് ആരുമായും വിശദമായി ചര്‍ച്ച ചെയ്തിട്ടില്ല- കോഹ്ലി പറഞ്ഞു.

കഴിഞ്ഞ 5-6 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് സൃഷ്ടിച്ച സംസ്‌കാരം ടൂര്‍ണമെന്റുകള്‍ക്കും കിരീട വിജയങ്ങള്‍ക്കും അതീതമാണ്. ടീമിലെത്തുന്ന ഓരോരുത്തര്‍ക്കും ഏറ്റവും മികച്ച പ്രകടനം നടത്താനും ഏറെ അനുയോജ്യനായ കളിക്കാരനാകാനും അവസരമൊരുക്കുന്ന ശൈലി ദീര്‍ഘകാലം നിലനില്‍ക്കും. ഐസിസി കിരീടനേട്ടം തീര്‍ച്ചയായും മനോഹരമായ നിമിഷമാകും. അനുപമ നേട്ടമാകും അത്. ലോക ചാമ്പ്യന്‍മാരാകാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും കോഹ്ലി പറഞ്ഞു.