'ദ്രാവിഡ് അല്ല ഇന്ത്യന്‍ കോച്ച്, ഈ പത്രക്കാരെ കൊണ്ട് തോറ്റു', അഭ്യൂഹങ്ങള്‍ തള്ളി ദാദ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്ത് ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ നിയമനം ഉറപ്പായിട്ടില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദ്രാവിഡ് ദുബായിയില്‍ വന്ന കോച്ച് പദവിയെപറ്റി ചര്‍ച്ച ചെയ്യാനല്ലെന്നും ദാദ വ്യക്തമാക്കി. ട്വന്റി20 ലോക കപ്പിനുശേഷം രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന് പുതിയ കോച്ചിനെ തേടുകയാണ് ബിസിസിഐ.

ഇന്ത്യയുടെ പരിശീലകന്റെ കാര്യത്തില്‍ ഒന്നും ഉറപ്പായിട്ടില്ല. പത്രങ്ങളില്‍ മാത്രമേ ഞാന്‍ അങ്ങനെ കാണുന്നുള്ളു. കോച്ചിനെ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതു പരസ്യം ചെയ്തിട്ടുണ്ട്. ദ്രാവിഡിന് താല്‍പര്യമുണ്ടെങ്കില്‍ അപേക്ഷിക്കാം- ഗാംഗുലി പറഞ്ഞു.

നിലവില്‍ ദ്രാവിഡ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ.) ഡയറക്ടറാണ്. ദുബായിയില്‍ അദ്ദേഹം വന്നത് എന്‍.സി.എയെ കുറിച്ച് സംസാരിക്കാനാണ്. സ്ഥാപനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള രൂപരേഖയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വികാസത്തില്‍ എന്‍.സി.എയ്ക്ക് വലിയ പങ്കുണ്ടെന്ന് വിശ്വസിക്കുന്നതായും ഗാംഗുലി പറഞ്ഞു.