ഇന്ത്യൻ പ്രീമിയർ ലീഗല്ല, പിഎസ്എൽ ആണ് ഏറ്റവും മികച്ച ലീഗ്: ആദം സാംപ

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. എന്നാൽ ഈ സീസണിൽ ഓസ്‌ട്രേലിയൻ സ്പിന്നർ ആദം സാംപ ഐപിഎലിൽ നിന്നും വിട്ടുനിന്നിരുന്നു. അതിനു പകരമായി അദ്ദേഹം പിഎസ്എല്ലിലേക്കാണ് പോയത്. അതിൽ താരത്തിനെതിരെ വൻ ആരാധകരോഷവുമുണ്ടായിരുന്നു.

ഐപിഎല്ലിലെ വിദേശ സ്പിന്നര്‍മാരോടുള്ള അവഗണനയും പ്രതിഫലത്തിലെ കുറവുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് സാംപ വെളിപ്പെടുത്തി. നിലവില്‍ പാകിസ്താൻ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സിന് വേണ്ടിയാണ് താരം കളിക്കുന്നത്. വിദേശ റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ഐപിഎല്‍ ലേലത്തില്‍ അര്‍ഹമായ മൂല്യം ലഭിക്കുന്നില്ലെന്ന് സാംപ തുറന്നുപറഞ്ഞു.

‘ഈ വര്‍ഷം ഞാന്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി. സത്യസന്ധമായി പറഞ്ഞാല്‍, എന്റെ കഴിവിനുള്ള അര്‍ഹമായ പണം അവിടെ ലഭിക്കുന്നില്ല. മറ്റ് വിഭാഗത്തിലുള്ള താരങ്ങള്‍ക്ക് ലഭിക്കുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.’ സാംപ പറഞ്ഞു.