പൃഥ്വിയും പന്തും മിന്നിത്തിളങ്ങി; ക്യാപ്പിറ്റല്‍സിന് മികച്ച സ്‌കോര്‍

ഐപിഎല്‍ ഒന്നാം ക്വാളിഫയറില്‍ മുന്‍ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടമായി ബാറ്റിംഗിന് ക്ഷണിക്കപ്പെട്ട ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു.

ഓപ്പണര്‍ പൃഥ്വി ഷായും (60) നായകന്‍ ഋഷഭ് പന്തും (51 നോട്ടൗട്ട്) നേടിയ അര്‍ദ്ധ ശതകങ്ങളാണ് ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചത്. പൃഥ്വി ഏഴു ഫോറും മൂന്നു സിക്‌സും പറത്തിയപ്പോള്‍ പന്തിന്റെ വകയായി മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സും ഡല്‍ഹിയുടെ അക്കൗണ്ടിലെത്തി. 24 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമായി 37 റണ്‍സെടുത്ത് ആക്രമണ ബാറ്റിംഗ് കാഴ്ച്ചവച്ച ഷിമ്രോണ്‍ ഹെറ്റ്മയറും ക്യാപ്പിറ്റല്‍സിന് കാര്യമായ സംഭാവന നല്‍കി.

ഓപ്പണര്‍ ശിഖര്‍ ധവാനെ (7) തുടക്കത്തില്‍ നഷ്ടപ്പെട്ട ഡല്‍ഹിക്ക് പൃഥ്വിയുടെ വമ്പനടികളാണ് അടിത്തറ നല്‍കിയത്. ശ്രേയസ് അയ്യരും (1) സ്ഥാനക്കയറ്റം ലഭിച്ച അക്‌സര്‍ പട്ടേലും (10) പരാജയപ്പെട്ടെങ്കിലും പന്തും ഹെറ്റ്മയറും ചേര്‍ന്ന സൂപ്പര്‍ കിംഗ്‌സ് ബോളര്‍മാരെ കടന്നാക്രമിച്ചു. ഇരുവരും തീര്‍ത്ത 83 റണ്‍സിന്റെ കൂട്ടുകെട്ട് ഡല്‍ഹിയുടെ കുതിപ്പിന്റെ എന്‍ജിനായിത്തീര്‍ന്നു. ചെന്നൈയ്ക്കായി ജോഷ് ഹെസല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. മൊയീന്‍ അലിക്കും രവീന്ദ്ര ജഡേജയ്ക്കും ഡ്വെയ്ന്‍ ബ്രാവോക്കും ഓരോ വിക്കറ്റു വീതം സ്വന്തമായി.