സന്നാഹം ഗംഭീരമാക്കി പാകിസ്ഥാന്‍; വിന്‍ഡീസിനെ അനായാസം കീഴടക്കി

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ പാകിസ്ഥാന് ജയം. വെസ്റ്റിന്‍ഡീസിനെ ഏഴു വിക്കറ്റിന് പാകിസ്ഥാന്‍ കീഴടക്കി.

പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഷിമ്രോണ്‍ ഹെറ്റ്മയര്‍ (28) കരീബിയന്‍ പടയുടെ ടോപ് സ്‌കോറര്‍. ക്രിസ് ഗെയ്ല്‍ (20) ലെന്‍ഡല്‍ സിമ്മണ്‍സ് (18) എന്നിവരും രണ്ടക്കം കടന്നു. 10 പത്തില്‍ അഞ്ച് ബൗണ്ടറി അടക്കം 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്‌റണ്‍ പൊള്ളാര്‍ഡിന്റെ ചെറുവെടിക്കെട്ടാണ് വിന്‍ഡീസ് സ്‌കോറിന് മാന്യത പകര്‍ന്നത്. പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദിയും ഹസന്‍ അലിയും ഹാരിസ് റൗഫും രണ്ടു വിക്കറ്റ് വീതം പിഴുതു.

ചേസ് ചെയ്ത പാകിസ്ഥാന്‍ 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം ബലികഴിച്ച് 131 റണ്‍സെടുത്തു വിജയം ഉറപ്പിച്ചു. ക്യാപ്റ്റന്‍ ബാബര്‍ അസം (50) പാക് പടയ്ക്കുവേണ്ടി അര്‍ദ്ധശതകം നേടി. ഫഖര്‍ സമാന്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു. ഹെയ്ഡന്‍ വാല്‍ഷിന് രണ്ട് വിക്കറ്റ്.