ഏകദിന ലോകകപ്പ്: കിരീടം ചൂടാന്‍ ഇന്ത്യന്‍ ടീമിന് 2011ല്‍ പ്രയോഗിച്ച തന്ത്രം ഉപദേശിച്ച് യുവരാജ്

ഇത്തവണ ലോകകപ്പില്‍ കിരീടം നേടാന്‍ ഇന്ത്യന്‍ ടീമിന് 2011ലെ ലോകകപ്പില്‍ പ്രയോഗിച്ച തന്ത്രം ഉപദേശിച്ച് ഇന്ത്യന്‍ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്. 2011ലെ ലോകകപ്പില്‍ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ഉപദേശിച്ച തന്ത്രം എന്താണെന്നാണ് യുവി വെളിപ്പെടുത്തിയിരിക്കുന്നത്. ലോകകപ്പ് സമയത്ത് ടിവി, ന്യൂസ് പേപ്പര്‍, ഫോണ്‍ എന്നിവയൊന്നും ഉപയോഗിക്കരുതെന്നാണ് സച്ചിന്‍ ഉപദേശിച്ചതെന്നും അത് ഗുണം ചെയ്തുവെന്നും യുവി പറഞ്ഞു.

ലോകകപ്പില്‍ ഞങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയോട് തോല്‍വി നേരിട്ടു. ഇതോടെ മാധ്യമങ്ങള്‍ ടീമിനെ ശക്തമായി വിമര്‍ശിക്കാനും തുടങ്ങി. സച്ചിന്‍ അന്ന് ടീം മീറ്റങ്ങില്‍ പറഞ്ഞത് എല്ലാവരും ടിവി കാണുന്നതും പത്രം വായിക്കുന്നതും നിര്‍ത്തണമെന്നുമാണ്.

ആളുകള്‍ക്കിടയിലൂടെ പോകുന്ന സാഹചര്യത്തില്‍ ഹെഡ്ഫോണ്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചു. ലോകകപ്പിലേക്ക് മാത്രമായി ശ്രദ്ധ നല്‍കാനാണ് സച്ചിന്‍ പറഞ്ഞത്. ടീം ഇത് പിന്തുടരുകയും വലിയ ഫലം ലഭിക്കുകയും ചെയ്തു-യുവരാജ് പറഞ്ഞു.

2011ല്‍ യുവിയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവസാന ലോകകപ്പായിരുന്നു ഇത്. അന്ന് ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ലോകകിരീടത്തില്‍ മുത്തമിട്ടത്.