ഏകദിന ലോകകപ്പ്: ഇന്ത്യന്‍ ബോളര്‍മാരുടെ വിജയ രഹസ്യമെന്ത്?; പരസ്യപ്പെടുത്തി വസീം അക്രം

ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായകമായത് ബോളര്‍മാരുടെ സ്ഥിരതയാര്‍ന്ന പ്രകടനമാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബോളിംഗ് യൂണിറ്റാണ് അവരുടേത്. ഇപ്പോഴിതാ ഇന്ത്യന്‍ ബോളര്‍മാരുടെ വിജയ രഹസ്യമെന്തെന്ന് പറഞ്ഞിരിക്കുകയാണ് പാക് മുന്‍ താരം വസീം അക്രം. സെമി പോരാട്ടം പടിവാതിലില്‍ എത്തിനില്‍ക്കെയാണ് അക്രത്തിന്റെ വിലയിരുത്തല്‍.

ഷമിയുടെ എല്ലാ പന്തുകളും മികച്ച വേഗത്തിലുള്ളതാണ്. അത് വായുവില്‍ നേരെയാണ് കൂടുതലും സഞ്ചരിക്കുന്നത്. പന്ത് പിച്ച് ചെയ്ത് ശേഷം പല ഭാഗത്തേക്കും സ്വിംഗ് ചെയ്ത് മാറുന്നു. ഇത് ഷമിയുടെ കഴിവാണ്.

സ്റ്റോക്സിനെ പുറത്താക്കിയ പന്ത് നോക്കുക. യാതൊരു ഐഡിയയും സ്റ്റോക്സിന് നല്‍കാതെയാണ് എറൗണ്ട് ദി വിക്കറ്റില്‍ നിന്ന് പോയ പന്ത് സ്റ്റംപിലേക്ക് കുത്തിക്കയറിയത്. ഷമിയുടെ ലെങ്തും വേഗവും പെട്ടെന്ന് മാറുന്നതല്ല. മിക്ക പന്തുകളും ഓഫ് സ്റ്റംപ് ലക്ഷ്യമാക്കിയുള്ളതാണ്. അതുകൊണ്ടാണ് ഷമിയെ നേരിടാന്‍ പ്രയാസപ്പെടുന്നതും.

ബുംറ കൈക്കുഴയില്‍ നിന്ന് തന്നെ സ്വിങ് ചെയ്യിക്കുന്നു. ഷമി വേഗം കൊണ്ടാണ് സ്വിംഗ് കണ്ടെത്തുന്നത്. ബുംറ 142ന് മുകളില്‍ വേഗം കണ്ടെത്തുകയും ഇതില്‍ സ്ഥിരത കാട്ടുകയും ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ താരങ്ങളുടെ ആത്മവിശ്വാസമാണ് എടുത്തു പറയേണ്ടത്. ആദ്യ പന്ത് മുതല്‍ ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞ് ആധിപത്യം നേടിയെടുക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് സാധിക്കുന്നുണ്ട്- അക്രം പറഞ്ഞു.