ഏകദിന ലോകകപ്പ്: സെമിഫൈനൽ പോരാട്ടത്തിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് മൂന്ന് വമ്പൻ റെക്കോഡുകൾ, ഈ നേട്ടങ്ങൾ സ്വന്തമാക്കിയാൽ ചരിത്രത്തിന്റെ ഭാഗം

2023ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ വിരാട് കോഹ്‌ലി മികച്ച ഫോമിലാണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 99 ശരാശരിയിലും 88.52 സ്‌ട്രൈക്ക് റേറ്റിലും താരം 594 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളും അഞ്ച് അർധസെഞ്ചുറികളും നേടിയ വൺഡൗൺ കോഹ്‌ലി ഇതെല്ലം നേടിയത് 99 എന്ന മികച്ച ശരാശരിയിലാണ്. 2023 ക്രിക്കറ്റ് ലോകകപ്പിലെ അവസാന അഞ്ച് മത്സരങ്ങളിൽ വിരാട് കോഹ്‌ലി 83.75 ശരാശരിയിലും 87.24 സ്‌ട്രൈക്ക് റേറ്റിൽ 335 റൺസ് നേടി.

ബുധനാഴ്ച ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ കോഹ്‌ലി തന്നെ ആയിരിക്കും ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം എന്ന കാര്യത്തിൽ ആർക്കും സംശയം ഒന്നും ഉണ്ടാകാൻ സാധ്യത ഇല്ല. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് മൂന്ന് വലിയ റെക്കോർഡുകൾ സ്വന്തമാക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞുവെന്നതാണ് ഇന്നത്തെ മത്സരത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

ഈ ലോകകപ്പിൽ രണ്ട് സെഞ്ച്വറികൾ നേടിയതിന് ശേഷം, സച്ചിൻ ടെണ്ടുൽക്കറുടെ 49 ഏകദിന സെഞ്ചുറികളുടെ റെക്കോർഡ് കോഹ്‌ലി ഒപ്പമെത്തി. മറ്റൊരു സെഞ്ച്വറി നേടിയാൽ ഏകദിനത്തിൽ 50 സെഞ്ചുറികൾ നേടുന്ന ആദ്യ ബാറ്റർ ആകും. കൗതുകകരമെന്നു പറയട്ടെ, ക്രിക്കറ്റ് ലോകകപ്പിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡും സച്ചിന്റെ പേരിലാണ്. 2003ൽ 673 റൺസാണ് അദ്ദേഹം നേടിയത്. 594 റൺസുമായി നിൽക്കുന്ന കോഹ്‌ലിക്ക് ആ റെക്കോർഡ് തകർക്കാൻ പറ്റിയാൽ അതും ചരിത്രമാകും.

കഴിഞ്ഞയാഴ്ച നെതർലൻഡ്‌സിനെതിരെ 51 റൺസ് നേടിയതോടെ , ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്‌കോർ എന്ന സച്ചിൻ ടെണ്ടുൽക്കറുടെയും ഷാക്കിബ് അൽ ഹസന്റെയും സംയുക്ത റെക്കോർഡിനൊപ്പം കോഹ്‌ലി ഒപ്പമെത്തി. മറ്റൊരു ഫിഫ്റ്റി പ്ലസ് സ്‌കോർ നേടാനായാൽ കോഹ്‌ലിക്ക് ഇരുവരെയും മറികടക്കാൻ അവസരമുണ്ട്.

ഈ ലോകകപ്പിലെ ടോപ് സ്‌കോററാണ് കോഹ്‌ലി. ചില വ്യക്തിഗത നാഴികക്കല്ലുകൾ മുന്നിൽ ഉണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഏറ്റവും മികച്ച പ്രകടനം നടത്തി ടീമിനെ ജയിപ്പിക്കാൻ ആയിരിക്കും താരം ശ്രമിക്കുക.