ഏകദിന ലോകകപ്പ്: കോഹ്‌ലിയും രോഹിതും ഡി കോക്കും അല്ല, ആ 35 വയസുള്ള താരമാണ് ഏറ്റവും മികച്ച ഏകദിന താരം; തുറന്നുപറഞ്ഞ് വസീം അക്രം

ഇതിഹാസ പാകിസ്ഥാൻ ഫാസ്റ്റ് ബൗളറും മുൻ പാകിസ്ഥാൻ ക്യാപ്റ്റനുമായ വസീം അക്രം 2023 ലെ ഐസിസി പുരുഷ ഏകദിന ലോകകപ്പിൽ റെഡ് ഹോട്ട് ഫോമിലുള്ള 35 കാരനായ ഒരു സ്റ്റാർ ബാറ്ററെ പ്രശംസിച്ചു. തന്റെ മൂന്നാം ഏകദിന ലോകകപ്പ് ടൂർണമെന്റിലാണ് ‘ഇപ്പോൾ ഏറ്റവും മികച്ച ഏകദിന താരം’ കളിക്കുന്നത്. എന്നാൽ പലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ആ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയോ ക്വിന്റൺ ഡി കോക്കോ രോഹിത് ശർമ്മയോ അല്ല.

ഈ മികച്ച ബാറ്റർമാർക്ക് പകരം, ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലാണ് ഇപ്പോൾ ഏറ്റവും മികച്ച ഏകദിന കളിക്കാരനെന്ന് അക്രം കരുതുന്നു. ചൊവ്വാഴ്ച മുംബൈയിൽ അഫ്ഗാനിസ്ഥാനെതിരെ ഓസീസ് താരം 201 റൺസ് നേടിയതിന് പിന്നാലെയാണ് അക്രത്തിന്റെ പ്രസ്താവന. ഏകദിന ലോകകപ്പിലെ ഓസ്‌ട്രേലിയ- അഫ്ഗാനിസ്ഥാന്‍ പോര് ഏറെ ആവേശകരമായ പോരാട്ടമാണ് സമ്മാനിച്ചത്. ഓസീസ് ടീം ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്ന താരത്തിലേക്കായി ചുരുങ്ങിയപ്പോള്‍ അഫ്ഗാന് ആയുധങ്ങളെല്ലാം നഷ്ടപ്പെട്ട പോരാളികളെ പോലെ നോക്കിനില്‍ക്കാനെ ആയുള്ളു.

128 പന്ത് നേരിട്ട് 21 ഫോറും 10 സിക്സും ഉള്‍പ്പെടെ 201 റണ്‍സാണ് മാക്സ്വെല്‍ പുറത്താവാതെ നേടിയത്. 157ന് മുകളില്‍ സ്ട്രൈക്ക് റേറ്റിലായിരുന്നു മാക്സ്വെല്‍ വെടിക്കെട്ട്. അക്രം അദ്ദേഹത്തെ പുകഴ്ത്തി പറഞ്ഞത് ഇങ്ങനെയാണ്- ” അവിശ്വനീയം എന്നത് അല്ലാതെ ഇന്നിംഗ്‌സിനെ മറ്റൊരു വാക്ക് കൊണ്ടും വിശേഷിപ്പിക്കാൻ പറ്റില്ല. ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സ് ആയിരുന്നു നമ്മൾ കണ്ടത്. ഇതിനേക്കാൾ മികച്ച ഒന്നും സമീപ വർഷങ്ങളിൽ ഞാൻ കണ്ടിട്ടില്ല എന്ന് തന്നെ പറയാം.മാക്‌സ്‌വെൽ തന്നെയാണ് ഏകദിനത്തിലെ ഏറ്റവും മികച്ച താരം.”

അതേസമയം അഫ്ഗാന്റെ തോല്‍വിക്ക് പല കാരണങ്ങളും ചൂണ്ടിക്കാട്ടാമെങ്കിലും അഫ്ഗാന് പറ്റിയ പ്രധാന പിഴവ് എന്താണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു വസിം അക്രം. എന്തുകൊണ്ടാണ് മാക്സ് വെല്ലിനെതിരേ ഓഫ് സ്റ്റംപിന് പുറത്ത് പന്ത് എറിയാതിരുന്നത്? വലംകൈയന്‍ ബാറ്റര്‍ ക്രീസിലുള്ളപ്പോള്‍ എറൗണ്ട് ദി വിക്കറ്റില്‍ ഓഫ് സ്റ്റംപിന് പുറത്ത് എറിയണമെന്നാണ് യുവ ബോളര്‍മാരോട് ഞാന്‍ പറയാറുള്ളത്- അക്രം പറഞ്ഞു.