ഏകദിന ലോകകപ്പ്: 'അഫ്ഗാനിസ്ഥാന്റെ മികച്ച പ്രകടനത്തിന് കാരണം ആ ഇന്ത്യന്‍ താരം': പ്രശംസിച്ച് കോച്ച് ജോനാഥന്‍ ട്രോട്ട്

ഈ ലോകകപ്പിലെ അഫ്ഗാനിസ്ഥാന്റെ മികച്ച പ്രകടനം ‘ദുര്‍ബലമായ ടീം’ എന്ന ടാഗ് ഒഴിവാക്കാന്‍ തങ്ങളെ സഹായിച്ചെന്ന് ഹെഡ് കോച്ച് ജോനാഥന്‍. അഫ്ഗാന്റെ വിജയങ്ങളില്‍ ടീമിന്റെ മെന്ററായുള്ള ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജയുടെ നിയമനം ഒരു പ്രധാന പങ്കാണ് വഹിച്ചതെന്ന് ട്രോട്ട് വിശ്വസിക്കുന്നു. ടീമിന്റെ മനോവീര്യം നിലനിര്‍ത്തിയതിന് ജഡേജയെ ട്രോട്ട് പ്രശംസിച്ചു.

അജയ്ക്ക് ഇന്ത്യയില്‍ ക്രിക്കറ്റ് കളിച്ച് ധാരാളം അനുഭവങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു. ഉപഭൂഖണ്ഡത്തില്‍ നിന്ന് ഞങ്ങള്‍ക്കെതിരെ കളിച്ച സാഹചര്യങ്ങളെയും വേദികളെയും മറ്റ് ടീമുകളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് വളരെ മികച്ചതാണ്.

ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ടൂര്‍ണമെന്റില്‍ ജഡേജ ടീമിനൊപ്പം ഉണ്ടായിരുന്നത് എന്റെ ജോലി കുറച്ചുകൂടി എളുപ്പമാക്കി. എന്നെ സംബന്ധിച്ചിടത്തോളം, ഒരു പരിശീലകനെന്ന നിലയില്‍ ഓരോ മത്സരത്തിന്റെയും തീരുമാനങ്ങളെടുക്കുന്നതിലും തന്ത്രത്തിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു- ജോനാഥന്‍ ട്രോട്ട് പറഞ്ഞു.

ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, മുന്‍ ചാമ്പ്യന്മാരായ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരെ തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന്‍ ഇതുവരെ 6 പോയിന്റാണ് ടൂര്‍ണമെന്റില്‍ നേടിയത്. ലോകകപ്പ് സെമിഫൈനലിനും 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കും യോഗ്യത നേടാന്‍ ടീമിന് സ്വപ്നം കാണാന്‍ കഴിയുന്ന ഒരു സ്ഥാനമാണിത്.