ഏകദിന ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍നിന്ന് സൂപ്പര്‍ താരം പുറത്ത്, രണ്ട് പേര്‍ക്കിത് സുവര്‍ണ്ണാവസരം

ലോകകപ്പിലെ ന്യുസിലാന്‍ഡിനെതിരായി ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ല. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. താരത്തിന് കണങ്കാലിനേറ്റ പരുക്ക് ഗുരുതരമെന്നാണ് സൂചന.

ടീം കോമ്പിനേഷന്റെ കാര്യത്തില്‍ ഇത് മോശം വാര്‍ത്തയാണെങ്കിലും, സൂര്യകുമാര്‍ യാദവിനും മുഹമ്മദ് ഷമിക്കും ഇത് ഒരു നല്ല അവസരമായിരിക്കും. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഇവരെ വിളിക്കേണ്ടിവരും. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി മറ്റാരുമില്ലെങ്കിലും ഇന്ത്യക്ക് ആറാം നമ്പറില്‍ ഒരു ബാറ്ററും 10 ഓവര്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്ന ഒരു സീമറും ആവശ്യമാണ്.

ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ 9-ാം ഓവറിനിടെയാണ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. ലിറ്റണ്‍ ദാസ് കളിച്ച ഷോട്ട് കാലുകൊണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഹാര്‍ദികിന് പരിക്കേറ്റത്. തുടര്‍ന്ന് ഫിസിയോ വന്ന് പരിശോധിച്ചിട്ടും താരം അസ്വസ്തനായിരുന്നു. തുടര്‍ന്ന് താരം ഓവര്‍ പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടു. പിന്നീട് വിരാട് കോഹ്ലിയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്.

മത്സരത്തില്‍ ഏഴുവിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. കോഹ്ലി 97 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്‌സിന്റെയും സഹായത്തോടെ 103 റണ്‍സെടുത്തും രാഹുല്‍ 34 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.