ഏകദിന ലോകകപ്പ്: പാകിസ്ഥാന്‍ ടീമിലെ ഭിന്നത കൂടുതല്‍ വെളിവാകുന്നു, മീഡിയ മാനേജരോട് ഇന്ത്യ വിടാന്‍ പിസിബി നിര്‍ദ്ദേശം

ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കളിക്കളത്തിന് അകത്തും പുറത്തും പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പാകിസ്ഥാന്‍ താരങ്ങള്‍ തമ്മിലുള്ള ഭിന്നതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍, ടീമിന്റെ മീഡിയ മാനേജര്‍ അഹ്സാന്‍ ഇഫ്തിഖര്‍ നാഗിയെ തിരികെ വിളിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) തീരുമാനിച്ചു. ഈ തീരുമാനം ടീമിനുള്ളിലെ ഭിന്നത് കൂടുതല്‍ വെളിവാക്കിയിരിക്കുകയാണ്.

ലാഹോറിലെ പിസിബി ആസ്ഥാനത്ത് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അഹ്സന്‍ ഇഫ്തിഖര്‍ നാഗിയോട് പിസിബി ആവശ്യപ്പെട്ടതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തെ തിരിച്ചുവിളിക്കുന്നതിനുള്ള കൃത്യമായ കാരണം പിസിബി വെളിപ്പെടുത്തിയിട്ടില്ല. ഇത് ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

അതിനിടെ, പിസിബിയുടെ മീഡിയ കണ്‍സള്‍ട്ടന്റ് ഉമര്‍ ഫാറൂഖ് കല്‍സണ്‍ അടിയന്തരമായി ഇന്ത്യയിലേക്ക് പോകും. കല്‍സണ്‍ വെള്ളിയാഴ്ച ചെന്നൈയില്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷിക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ മീഡിയ മാനേജരുടെ റോള്‍ അദ്ദേഹം ഏറ്റെടുക്കും.

നേരത്തെ, ടീമിനുള്ളില്‍ എന്തെങ്കിലും ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി പിസിബി രംഗത്തുവന്നിരുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ സത്യമില്ലെന്നും ടീം ഒറ്റക്കെട്ട് ആണെന്നും ആരാധകര്‍ക്ക് പിസിബി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇപ്പോള്‍ മീഡിയ മാനേജരെ പിസിബി പാകിസ്ഥാനിലേക്ക് തിരികെ വിളിച്ചിരിക്കുന്നത്.