കലഹം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് മുമ്പില്‍ ചിരിച്ചു കളി; കോഹ്‌ലി പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തി നവീന്‍

ഏകദിന ലോകകപ്പില്‍ ഇന്ത്യ അഫ്ഗാനെതിരെ ഇറങ്ങിയപ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയ രണ്ട് താരങ്ങളായിരുന്നു വിരാട് കോഹ്‌ലിയും നവീന്‍ ഉള്‍ ഹഖും. ഐപിഎല്ലിലെ കഴിഞ്ഞ സീസണില്‍ ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന്റെ ഒരു പിന്തുടര്‍ച്ചയാണ് ആരാധകര്‍ ലോകകപ്പിലും പ്രതീക്ഷിച്ചത്. എന്നാലുതുണ്ടായില്ല എന്നു മാത്രമല്ല ഇരുവരും പരസ്പരം കൈ നല്‍കി സൗഹൃദം പങ്കുവെക്കുന്ന മനോഹര കാഴ്ചയും ക്രിക്കറ്റ് ലോകം കണ്ടു.

ഇപ്പോഴിതാ കൈനല്‍കിയ ശേഷം എന്താണ് കോഹ്‌ലി തന്നോട് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഫ്ഗാന്‍ പേസര്‍ നവീന്‍ ഉല്‍ ഹഖ്. ‘അത് അവസാനിച്ചിരിക്കുന്നു’ എന്നാണ് കൈ തന്ന ശേഷം കോഹ്‌ലി പറഞ്ഞത്. ഞാനും അത് അവസാനിച്ചിരിക്കുന്നുവെന്നാണ് കോഹ്‌ലിയോട് പറഞ്ഞത്.

കളത്തിനുള്ളില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതെല്ലാം കളത്തിനകത്തുള്ളതാണ്. പുറത്തേക്കുള്ളതല്ല എന്നും നവീന്‍ പറഞ്ഞു. രണ്ടുപേരും ചിരിച്ച് സൗഹൃദം പങ്കിടുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. മത്സര ശേഷവും ഇരുവരും ചിരിച്ച് കൈകൊടുത്താണ് പിരിഞ്ഞത്.

ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ച മത്സരത്തില്‍ കോഹ്‌ലി 56 പന്തുകള്‍ നേരിട്ട് 55 റണ്‍സുമായി പുറത്താവാതെ നിന്നു. അഞ്ചോവര്‍ പന്തെറിഞ്ഞ നവീന്‍ 31 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടിയില്ല. ഈ ലോകകപ്പോടെ നവീന്‍ ഏകദിന ഫോര്‍മാറ്റില്‍നിന്നും വിരമിക്കും.