ഏകദിന ലോകകപ്പ്: ഇന്ത്യയെ ഫൈനലില്‍ തീര്‍ക്കും, അതിനുള്ള വഴി മനസിലായി; വെല്ലുവിളിയുമായി മാക്‌സ്‌വെല്‍

ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ എതിരാളികളായി കിട്ടിയാല്‍ തങ്ങള്‍ തോല്‍പ്പിക്കുമെന്ന് ഓസീസ് വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ഇന്ത്യയെ ബലഹീനരാക്കാനുള്ള വഴി തങ്ങള്‍ക്ക് കിട്ടിയെന്നും ഇതിലൂടെ ഇന്ത്യന്‍ ബോളിംഗ് നിര ദുര്‍ബലമാകുമെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.

ഇന്ത്യക്കെതിരേ ഞങ്ങള്‍ മനസ്സിലാക്കിയ ഒരു പ്രധാനപ്പെട്ട കാര്യം തുടക്കത്തില്‍ തന്നെ ചില അഗ്രസീവ് ഷോട്ടുകള്‍ കളിച്ച് ബോളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടാന്‍ ശ്രമിക്കുകയെന്നതാണ്. ബോള്‍ സ്വിംഗ് ചെയ്യുകയാണെങ്കില്‍പ്പോലും കുറച്ചു ഷോട്ടുകള്‍ കളിക്കണം. ഇതിനു ശ്രമിച്ചാല്‍ മാത്രമേ അവര്‍ക്കെതിരേ നേരിയ മുന്‍തൂക്കം നേടിയെടുക്കാന്‍ കഴിയുകയുള്ളൂ.

പവര്‍പ്ലേയില്‍ ഇന്ത്യക്കെതിരേ ഡിഫന്‍സീവ് ശൈലി സ്വീകരിച്ചവര്‍ക്കെല്ലാം തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെന്നു ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇതു ചെയ്യുന്നതിലൂടെ യഥാര്‍ഥത്തില്‍ നിങ്ങള്‍ അവരെ കളിയിലേക്കു തിരികെ കൊണ്ടു വരികയാണ് ചെയ്യുന്നത്- മാക്‌സ്‌വെല്‍ പറഞ്ഞു.

സെമി ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് കൊമ്പുകോര്‍ക്കുക. 15നു മുംബൈയിലെ വാംഖഡെയിലാണ് ആദ്യ സെമി. 16നു രണ്ടാം സെമി ഫൈനലില്‍ ഓസ്ട്രേലിയ ദക്ഷിണിഫ്രിക്കയുമായി ഏറ്റുമുട്ടും. 19നു ഞായറാഴ്ചയാണ് കലാശക്കളി.