ഏകദിന ലോകകപ്പ്: നാളെയൊരിക്കൽ സ്കോർ കാർഡ് എടുത്തു നോക്കിയാൽ അയാളുടെ ഈ സ്പെല്ലിന് പ്രത്യേകതയൊന്നും തോന്നില്ലായിരിക്കാം, പക്ഷെ ആ രണ്ട് ഓവറുകൾ ഇല്ലായിരുന്നെങ്കിൽ; കുൽദീപ് കാരണം തിരിഞ്ഞ കളി

ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ എത്തിയത് ആരാധകർക്ക് ആവേശമായി . സെമി ഫൈനലിൽ ന്യൂസിലാൻഡിനെ 70 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ 2011 ന് ശേഷം ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് കിവീസിനെ പിടിച്ചുകെട്ടാൻ ഇന്ത്യയ്ക്ക് കരുത്തായത്. ഇന്ത്യ മുന്നോട്ടുവെച്ച 398 റൺസിലേക്ക് ബാറ്റ് വീശിയ കിവീസ് 48.5 ഓവറിൽ 327 റൺസിന് അവസാനിച്ചു. കളിയുടെ ഒരു ഘട്ടത്തിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോർ കിവീസ് പിന്തുടരുമെന്ന് കരുതിയത് ആണെങ്കിലും അവരെ അതിൽ നിന്ന് തടഞ്ഞതിൽ നിർണായക പങ്ക് വഹിച്ചത് കുൽദീപ് യാദവിന്റെ തകർപ്പൻ ഓവറുകളാണ്.

തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായതിന് ശേഷം പതറുമെന്ന് കരുതിയ കിവിസിനായി വില്യംസൺ- മിച്ചൽ സഖ്യം മികച്ച കൂട്ടുകെട്ട് മനോഹരമായ ബാറ്റിംഗ് കാഴ്ചവെച്ചു. ഇരുവരും ചേർന്ന് മത്സരം ഇന്ത്യയുടെ അടുത്ത് നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിച്ചു. ആ സമയത്താണ് കളിയുടെ തുടക്കത്തിൽ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കാതിരുന്ന കുൽദീപ് മത്സരത്തിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നത്. ഷമി ഒരറ്റത്ത് വിക്കറ്റുകൾ വീഴ്ത്തുമ്പോൾ അദ്ദേഹത്തിന് പിന്തുണ ആവശ്യമായിരുന്നു, അതാണ് കുൽദീപ് കൊടുത്തത്.

ക്രീസിൽ നിലയുറപ്പിച്ച് വമ്പനടികൾക്ക് ശ്രമിക്കുക ആയിരുന്ന ഫിലിപ്സ്- മിച്ചൽ സഖ്യത്തെ തടഞ്ഞുനിർത്താൻ മനോഹരമായ രീതിയിൽ പന്തെറിഞ്ഞ കുൽദീപ് 42 ആം ഓവറിൽ വഴങ്ങിയത് 2 റൺ മാത്രമാണ്. ശേഷം 44 ആം ഓവറിൽ 4 റൺ മാത്രം വഴങ്ങിയ താരം 1 വിക്കറ്റും വീഴ്ത്തി.

പക്ഷേ ഇന്നലെ സെമിയിൽ അയാളുടെ ആ പ്രകടനം നൽകിയ ഇമ്പാക്ട് സ്കോർ കാർഡ് നോക്കിയാൽ മനസിലാകില്ല. കുൽദീപ് അങ്ങനെയാണ്, സൈലന്റ് ആണ്, പക്ഷെ ജോലി മാന്യമായി ചെയ്യും.